ഇടുക്കി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർക്കെതിരെ രാജസ്ഥാനിൽ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ കഴിഞ്ഞ 15 നാണ് രാജസ്ഥാൻ പോലീസ് കേസെടുത്തത്. മതസ്പർദ്ധ വളർത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം അടക്കം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് പാസ്റ്റർക്കെതിരെ കേസെടുത്തത്.
താൻ 21 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പാസ്റ്റർ ആയി സേവനം ചെയ്ത് വരികയാണ്. കഴിഞ്ഞ മാസം പ്രാർത്ഥനക്കിടെ പള്ളി പൊളിക്കാൻ ബജ്‌റഗ്ദൾ, ആർഎസ്എസ്, ബിജെപി, ഹനുമാൻസേന പ്രവർത്തകർ എത്തിയെന്നും പോലീസെത്തി ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയതെന്നും തോമസ് ജോർജ് പറഞ്ഞു. അതിനു ശേഷം ജൂലൈ ആറിന് അഞ്ഞൂറോളം പ്രവർത്തകർ ജെസിബിയുമായി പള്ളി പൊളിക്കാൻ എത്തിയെന്നും തോമസ് ജോർജ് പറയുന്നു.
തോമസ് ജോർജിന്റെ വാക്കുകൾ ഇങ്ങനെ-
‘ഞാൻ മതപരിവർത്തനം നടത്തുന്നുവെന്നാണ് അവർ പറഞ്ഞത്. ഞാൻ ഇതുവരെയും ആരെയും മതപരിവർത്തനം നടത്തിയിട്ടില്ല. അവിടേക്ക് ആളുകൾ പ്രാർത്ഥനയ്ക്കായി എത്തുന്നുവെന്ന് മാത്രേയുള്ളു. അന്ന് പള്ളി പൊളിക്കാൻ വന്നപ്പോൾ പോലീസ് സംരക്ഷണം തന്നു. എല്ലാം സമാധാനമായി എന്ന് വിചാരിച്ചിരിക്കെയാണ് കഴിഞ്ഞ15ന് എന്റെ പേരിൽ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വളരെ പ്രയാസത്തിലാണ്, തോമസ് ജോർജ് പ്രതികരിച്ചു. രണ്ടു തവണ പ്രാർത്ഥനക്കിടെ പള്ളിക്ക് നേരെ ആക്രമണം നടന്നുവെന്നും ഭീതിയോടെയാണ് കഴിയുന്നത് എന്നും തോമസ് ജോർജ് കൂട്ടിച്ചേർത്തു.
ഏതാനും ദിവസങ്ങൾക്കു മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമാനമായ മറ്റ് കേസുകളുടെയും വിവരങ്ങൾ പുറംലോകമറിയുന്നത്. അതേസമയം മലയാളി കന്യാസ്ത്രീകളുടെ ജാമാപേക്ഷയിൽ എൻഐഎ പ്രത്യേക കോടതി ഇന്നു വിധി പറയും. വാദം ഇന്നലെ പൂർത്തിയായിരുന്നു.