കോഴിക്കോട്: മാറാട് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷിംനയെ ഭർത്താവിനെതിരെ ആരോപണം. ഇയാൾ മദ്യപിച്ച് നിരന്തരം ഷിംനയെ മർദിച്ചിരുന്നെന്ന് അമ്മാവൻ രാജുവിന്റെ വെളിപ്പെടുത്തൽ. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപും തർക്കങ്ങളുണ്ടായി. പലതവണ ബന്ധം ഉപേക്ഷിക്കാൻ ഷിംനയോട് ആവശ്യപ്പെട്ടിരുന്നു. മുൻപ് മർദനം ഉണ്ടായപ്പോൾ പോലീസിൽ പരാതി നൽകാൻ പറഞ്ഞെങ്കിലും ഷിംന സമ്മതിച്ചില്ലെന്നും രാജു ഉൾപ്പെടെയുള്ള ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
മാത്രമല്ല ഭർത്താവിന്റെ ഉപദ്രവം സഹിക്കാതെ മുൻപും ഷിംന ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ. ആ സംഭവത്തിനു ശേഷം കുറച്ചു ദിവസം വീട്ടിൽ വന്നിരുന്നു. പിന്നീട് ഷിംന തന്നെ ഭർത്താവുമായി സംസാരിച്ച് ഭർതൃ വീട്ടിലേക്ക് തിരികെ പോവുകയായിരുന്നെന്നും രാജു പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് ഗോതീശ്വരം സ്വദേശിയായ ഷിംന (31) ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മാറാട് പോലീസ് അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും.