കോഴിക്കോട്: കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ താമരശ്ശേരി ചുരത്തിൽ പോലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് പിടിയിലായത്. ചുരത്തിൽ നിന്നു കൊക്കയിലേക്കു ചാടിയ ഇയാളെ ഓറിയൻറൽ കോളേജിന് പുറകിലെ കാട്ടിൽ നിന്നാണ് പിടികൂടിയത്. കുറ്റിക്കാട്ടിൽ ഇന്ന് രാവിലെ പരുക്കുകളോടെ നാട്ടുകാർ കണ്ട യുവാവിനെ കുറിച്ചുള്ള വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഇന്നലെയാണ് മലപ്പുറം സ്വദേശിയായ യുവാവ് പോലീസിൻറെ വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിൽ വെച്ച് കൊക്കയിലേക്ക് ചാടിയത്. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനെ കണ്ട് യുവാവ് താൻ വന്ന കാർ നിർത്തിയിട്ട് കൊക്കയിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു.
തുടർന്നു യുവാവിനായി പോലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും ചേർന്ന് പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഇയാലെ കണ്ടെത്താനായിരുന്നില്ല. രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇന്ന് രാവിലെ തെരച്ചിൽ നടക്കുത്തുനിടെയാണ് നാട്ടുകാർ ഷഫീക്കിനെ അവശ നിലയിൽ കണ്ടെത്തിയത്.