ലണ്ടൻ: നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നു. നാളെയാകും അതീവ പ്രാധാന്യമുള്ള ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുക. കരാറിൽ ഒപ്പുവയ്ക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ഇന്ന് ബ്രിട്ടനിലെത്തും. ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം സാധനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കുമെന്നതാണ് കരാറിലെ പ്രധാന ധാരണ.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് യു കെയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, യു കെ പ്രധാന മന്ത്രി കെയ്ർ സ്റ്റാർമർ, ചാൾസ് രാജാവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യു കെ പ്രധാനമന്ത്രി കെയ്മര്‍ സ്റ്റാർമറിന്‍റെ ക്ഷണപ്രകാരമാണ് മോദി യു കെ സന്ദര്‍ശിക്കുന്നത്. യു കെ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാനുള്ള ധാരണയിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചേയ്ക്കും. റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളെടുക്കുന്ന നിലപാടിലെ അതൃപ്തി പ്രധാനമന്ത്രി അറിയിച്ചേക്കും. വിജയ് മല്ല്യയെയും നീരവ് മോദിയെയും ഖാലിസ്ഥാൻ ഭീകരരെയും ഇന്ത്യക്ക് കൈമാറണമെന്ന് മോദി ആവശ്യപ്പെടുമെന്നും വിവരമുണ്ട്. പ്രതിരോധ മേഖലയിലെയും വ്യാപാര മേഖലയിലെയും സഹകരണം ഉറപ്പാക്കുന്നതടക്കം യു കെ സന്ദര്‍ശനത്തിനിടെ നിരവധി വിഷയങ്ങൾ ചര്‍ച്ചയാകും. ജൂലൈ 21 ന് പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചതിനിടെയാണ് മോദിയുടെ വിദേശയാത്ര എന്നത് ശ്രദ്ധേയമാണ്.
ഇന്ന് യു കെയിലെത്തുന്ന മോദി നാളെയായിരിക്കും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തുക. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യ വ്യവസായ മന്ത്രി ജോനാഥൻ റെയ്നോള്‍ഡ്സുമാകും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്ക്കുകയെന്നാണ് വിവരം. വിസ്കി, കാര്‍ തുടങ്ങിയവയും മറ്റു ഉൽപ്പന്നങ്ങളും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഗുണകരമാകും കരാറെന്ന് വ്യക്തമാകുന്നത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ വര്‍ധിക്കുന്നതിനും കരാര്‍ നിര്‍ണായകമാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങള്‍ക്ക് യു കെയിൽ വിപണി ലഭിക്കുന്നതിനും കരാര്‍ ഗുണകരമാകുമെന്ന് ഉറപ്പാണ്.
യു കെ സന്ദർശനത്തിന് ശേഷം പ്രധാന മന്ത്രി മാലിദ്വീപിലേക്ക് പോകും. മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്സുവിന്‍റെ ക്ഷണപ്രകാരമാണ് മോദി മാലിദ്വീപിലെത്തുന്നത്. മാലിദ്വീപിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ അതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്.