മാസ്‌കസ്: തെക്കൻ സിറിയയിൽ ദിറൂസ്-ബെദൂയിൻ സംഘർഷത്തിൽ 594 പേർ കൊല്ലപ്പെട്ടതായി യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എസ്ഒഎച്ച്ആർ) അറിയിച്ചു. കൂടാതെ സുവൈദ പ്രവിശ്യയിൽ നടന്നത് കൊടും ക്രൂരത എസ്ഒഎച്ച്ആർ.
അതേസമയം ദിറൂസ് മതന്യൂനപക്ഷത്തിൽപ്പെട്ട 146 പേരും 154 സാധാരണക്കാരും ഉൾപ്പെടെ 300 പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു. ഇവരിൽ 83 പേരെ സർക്കാർ സേന വിചാരണ കൂടാതെ വധിച്ചതാണെന്നും എസ്ഒഎച്ച്ആർ പറയുന്നു. കൂടാതെ 257 സർക്കാർ ഉദ്യോഗസ്ഥരും 18 ബെദൂയിനുകളും കൊല്ലപ്പെട്ടു. മൂന്ന് ബെദൂയിൻ വിഭാഗക്കാരെ ദിറൂസ് വിചാരണ കൂടാതെ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ സംഘർഷത്തിൽ ഇടപെട്ട ഇസ്രയേൽ സുവൈദയിൽ നിന്ന് സർക്കാർ സേനയെ പിൻവലിപ്പിക്കാനും ദിറൂസുകളെ രക്ഷിക്കാനുമാണ് വ്യോമാക്രമണം നടത്തിയതെന്ന് പറഞ്ഞു. ഈ ആക്രമണങ്ങളിൽ 15 സർക്കാർ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം ദിറൂസ് ഭൂരിപക്ഷ നഗരമായ സുവൈദയിൽനിന്ന് സർക്കാർ സേന പിൻവാങ്ങിയതോടെ വ്യാഴാഴ്ച സംഘർഷാവസ്ഥയ്ക്ക് അയവു വന്നിരുന്നു. നാശനഷ്ടങ്ങളുടെയും കൊള്ളയുടെയും ദൃശ്യങ്ങൾ കണ്ടതായും തെരുവുകളിൽ മൃതദേഹങ്ങൾ കണ്ടെത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം സിറിയയിൽ സൈനികശക്തി ഉപയോഗിച്ച് തങ്ങളുടെ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് തുടരാൻ തന്നെയാണ് തീരുമാനമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ദിറൂസുകളെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ തെക്ക് ഭാഗത്ത് സിറിയൻ സൈന്യം വിന്യസിക്കുന്നത് തടയുന്നതിനുമാണ് ഇസ്രയേൽ ഇടപെട്ടതെന്നും നെതന്യാഹു പറഞ്ഞു. ‘ദമാസ്‌കസിന് തെക്കുള്ള മേഖലയിലേക്ക് സിറിയൻ സൈന്യത്തെ പ്രവേശിക്കാൻ ഞങ്ങൾ അനുവദിക്കില്ല, ദിറൂൂസുകൾക്ക് ഒരു ദോഷവും വരുത്താൻ അനുവദിക്കുകയുമില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ഇസ്രയേലി വ്യോമാക്രമണം ദമാസ്‌കസിലെ സിറിയൻ പ്രതിരോധ മന്ത്രാലയത്തിന് വൻനാശനഷ്ടം ഉണ്ടാക്കിയിരുന്നു. പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപം ഇസ്രയേൽ ബോംബ് ഇടുകയും ചെയ്തു. ബുധനാഴ്ച രാജ്യത്തോടു നടത്തിയ അഭിസംബോധനയിൽ ഇസ്രയേലിന്റെ ആക്രമണങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്ന് സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷറ പറഞ്ഞു.
പിൻവാങ്ങുന്നതിന് മുന്നോടിയായി സിറിയൻ സർക്കാർ ബുധനാഴ്ച വൈകുന്നേരം വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ, പ്രമുഖ ദിറൂസ് നേതാവായ ഷെയ്ഖ് ഹിക്മത് അൽ ഹജ്‌രി ഇത് നിരസിച്ചു, സമ്പൂർണ്ണ വിമോചനം വരെ പോരാട്ടം തുടരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സർക്കാർ സേനയ്ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ ഷെയ്ഖ് ഹജ്‌രിയും അനുയായികളും ഇസ്രയേലുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്.