തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഗതാഗത വകുപ്പിന്റെ തിരുത്തെത്തി. വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്യാനുളള നിർദേശം പിൻവലിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു സസ്പെൻഡ് ചെയ്തത്. എന്നാൽ ഇത് പിന്നീട് വിവാദമാകുകയും ചെയ്തു. നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ മറ്റു വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്നു പരാതിയുമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്.
മന്ത്രിക്ക് ഒരു യുവതി നൽകിയ പരാതിയെ തുടർന്നാണു വനിതാ കണ്ടക്ടർക്കെരിരെ നടപടിയെടുത്തത്. കെഎസ്ആർടിസിയിൽ ഡ്രൈവറായ തന്റെ ഭർത്താവിനു ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം ഉണ്ടെന്നാണ് യുവതി മന്ത്രി കെബി ഗണേഷ് കുമാറിനു നൽകിയ പരാതിയിൽ പറയുന്നത്. കൂടാതെ മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ, ഭർത്താവിന്റെ ഫോണിലെ വാട്സാപ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ എന്നിവയും പരാതിക്കൊപ്പം നൽകിയിരുന്നു. തുടർന്ന് ചീഫ് ഓഫിസ് വിജിലൻസിന്റെ ഇൻസ്‌പെക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു.
അതേസമയം റിപ്പോർട്ടിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ കണ്ടക്ടർ സംസാരിച്ചു, ഡ്രൈവറുടെ മൊബൈൽഫോൺ വാങ്ങി, യഥാസമയം യാത്രക്കാരെ സ്റ്റോപ്പുകളിൽ ഇറക്കിവിട്ടില്ല, യാത്രക്കാർ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു തുടങ്ങിയ വിവരങ്ങളായിരുന്നുണ്ടായിരുന്നത്.
.