മുംബൈ: ദക്ഷിണേന്ത്യക്കാർക്കെതിരെ വിദ്വേഷ പരാമർശവുമായി ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗായ്ക്‌വാഡ് രംഗത്ത്. ഡാൻസ് ബാറുകൾ നടത്തി മറാഠി സംസ്കാരം തകർക്കുകയും കുട്ടികളുടെ സ്വഭാവം നശിപ്പിക്കുകയും ചെയ്യുന്നവരാണു ദക്ഷിണേന്ത്യക്കാരെന്ന അദ്ദേഹത്തിന്റെ പരാമർശമാണു വിവാദമായത്. എംഎൽഎ ഹോസ്റ്റലിൽ മോശം ഭക്ഷണം വിതരണം ചെയ്തെന്ന് ആരോപിച്ച് കന്റീൻ ജീവനക്കാരനെ കഴിഞ്ഞദിവസം മർദിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണു ഗായ്ക്‌വാഡിന്റെ വിദ്വേഷ പരാമർശം.
ചർച്ച്ഗേറ്റിലെ എംഎൽഎ ഹോസ്റ്റൽ കന്റീനിൽ മോശം ഭക്ഷണം വിതരണം ചെയ്തതിന്റെ പേരിൽ നടത്തിപ്പു ചുമതലയുള്ള അജന്ത കേറ്റേഴ്സിന്റെ ലൈസൻസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ ) റദ്ദാക്കിയതു സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണു ദക്ഷിണേന്ത്യക്കാർക്കെതിരെ അദ്ദേഹം രംഗത്തെത്തിയത്. കർണാടക സ്വദേശിയായ ജയറാം ബാലകൃഷ്ണ ഷെട്ടിയായിരുന്നു കന്റീനിലെ കേറ്ററിങ് കരാറുകാരൻ.
‘‘കന്റീനിൽ ഭക്ഷണം വിതരണം ചെയ്യാനുള്ള കരാർ എന്തിനാണു ഷെട്ടി എന്നു പേരുള്ളയാൾക്കു നൽകിയത്. അതു മറാഠിക്കാർക്കു നൽകാമായിരുന്നില്ലേ. ദക്ഷിണേന്ത്യക്കാരെക്കാൾ അവർക്കാണു നമ്മുടെ ഭക്ഷണരീതി അറിയുക. ശുദ്ധമായ ഭക്ഷണവും വിതരണം ചെയ്യും. ഡാൻസ് ബാറുകൾ നടത്തി മറാഠി സംസ്കാരം തകർക്കുകയും കുട്ടികളുടെ സ്വഭാവം കളങ്കപ്പെടുത്തുകയും ചെയ്യുന്നവരാണു ദക്ഷിണേന്ത്യക്കാർ. അത്തരക്കാർക്ക് എങ്ങനെയാണ് നല്ല ഭക്ഷണം നൽകാനാകുക’’– എംഎൽഎ ചോദിച്ചു.
‘‘കന്റീനിലെ പ്രശ്നം ഉയർത്തിക്കൊണ്ടുവരാൻ ഞാൻ സ്വീകരിച്ച മാർഗം ഒരുപക്ഷേ തെറ്റായിരിക്കാം. അതേസമയം, ലക്ഷ്യം കൃത്യമായിരുന്നു. ഭക്ഷണത്തെക്കുറിച്ച് ഒട്ടേറെ തവണ പരാതിപ്പെട്ടെങ്കിലും പരിഹാരമില്ലാതായതോടെയാണു നേരിട്ട് ഇടപെടേണ്ടിവന്നത്’’– അദ്ദേഹം പറഞ്ഞു.
കന്റീൻ ജീവനക്കാരനെ മർദിച്ച സംഭവം വിവാദമായതിനു പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പാർട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെയും മറ്റു പ്രതിപക്ഷ നേതാക്കളും എംഎൽഎയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.