ടെഹ്‌റാൻ: പൊതുവെ ശാന്തമെന്ന് തോന്നിക്കുന്ന തിരത്തിൽ ഓപ്പറേഷൻ ‘റൈസിങ് ലയണി’ന്റെ ഭാഗമായി ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇറാനിയൻ മാധ്യമം തന്നെയാണ് ഭീകര സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടത്. ഒരേസമയത്ത് ടെഹ്‌റാൻ നഗരത്തിന്റെ രണ്ടിടങ്ങളിൽ സ്‌ഫോടനം നടക്കുന്നതാണ് വീഡിയോയിലുള്ളത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കാറുകളടക്കമുള്ളവ കെട്ടിടങ്ങളുടെ ഉയരത്തിൽ തെറിക്കുന്നതും വീഡിയോയിൽ കാണാം.
▶️ Moment when Israeli projectiles hit Tehran’s Quds Square
#BREAKING #BreakingNews pic.twitter.com/fScrfanhEp— Mehr News Agency (@MehrnewsCom) July 3, 2025
സംഭവം പുറത്തുവിട്ടിരിക്കുന്നതു ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) ടെഹ്‌റാനിൽ നടത്തിയ വ്യോമാക്രമണം എന്ന വിധത്തിലാണ്. വ്യാഴാഴ്ചയാണ് വീഡിയോ പുറത്തുവന്നത്. തെരുവിലെ രണ്ടിടങ്ങളിലായി സെക്കൻഡ് വ്യത്യാസത്തിൽ നടക്കുന്ന ഉഗ്രസ്‌ഫോടനമാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. ആദ്യം ഒരു കെട്ടിടത്തിലും പിന്നീട് ഒരു വാഹന പാർക്കിങ് പ്രദേശത്തുമാണ് സ്‌ഫോടനമുണ്ടായത്. അതേസമയം നാശനഷ്ടത്തിന്റെ വ്യാപ്തി എത്ര വലുതാണെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാക്കാം.
അതുപോലെ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കാറുകളടക്കം ഉയരത്തിലേക്ക് തെറിച്ച് ചിന്നിച്ചിതറി താഴേക്കു പതിക്കുന്നതും കാണാം. കൂടാതെ ആളുകൾ വാഹനങ്ങൾ പാർക്കുചെയ്യാൻ ശ്രമിക്കുന്നതും സ്‌ഫോടനം നടക്കുന്ന സമയത്ത് റോഡിലൂടെ വാഹനങ്ങൾ പോവുന്നതും ദൃശ്യങ്ങളിൽ കാണാം. കാൽനടയാത്രക്കാരടക്കമുള്ള തിരക്കേറിയ നഗരഭാഗത്താണ് സ്‌ഫോടനം നടന്നതെന്നതിനാൽ കൂടുതൽ മരണങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നതു വ്യക്തമാണ്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സ്‌ഫോടനശേഷം ചുറ്റും പുകപടലങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാം.
അതേസമയം പൈപ്പ്‌ലൈനുകൾക്കടക്കം കേടുപാടുകൾ സംഭവിച്ച മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇത് ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. ജൂൺ 13-നാണ് ഇസ്രയേൽ ഇറാൻ സംഘർഷം ആരംഭിച്ചത്. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ ഇസ്രയേൽ തുടക്കമിട്ട സംഘർഷം 12 ദിവസത്തോളം നീണ്ടുനിന്നു.