കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ തകർന്ന കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് അരുൺ കെ. ഫിലിപ്പ്. കാലാകാലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായി സഹകരിക്കാറില്ല. മെഡിക്കൽ കോളേജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമാണെന്നും വൈസ് പ്രസിഡൻറ് അരുൺ കെ ഫിലിപ്പ് പറഞ്ഞു.
നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങൾക്ക് പോലും അപകടമുണ്ടായാൽ രക്ഷപ്രവർത്തനത്തിന് സൗകര്യമില്ല. അധികൃതരോട് ചോദിച്ചാൽ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. നിലവിൽ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് നോട്ടീസ് നൽകാനാണ് പഞ്ചായത്തിൻറെ തീരുമാനം.
അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിൽ അപകടത്തെക്കുറിച്ചു ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ കലക്ടർക്ക് നൽകിയ നിർദേശം. രക്ഷാപ്രവർത്തനത്തിലുണ്ടായ കാലതാമസം അടക്കം കലക്ടറുടെ സംഘം അന്വേഷിക്കും.