ഭോപാൽ: മധ്യപ്രദേശിലെ ഭോപാലിൽ ലിവിങ് പാർട്ണറെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഭോപാലിൽ താമസിക്കുന്ന സച്ചിൻ രാജ്പുത്ത് (32) ആണ് പിടിയിലായത്. സച്ചിനൊപ്പം കഴിഞ്ഞ മൂന്നര വർഷമായി ഭോപാലിൽ വാടക വീട്ടിൽ ഒന്നിച്ച് താമസിക്കുന്ന റിഥിക സെൻ (29) ആണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടയിൽ സച്ചിൻ റിഥികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്നശേഷം മദ്യലഹരിയിൽ സുഹൃത്തിനോട് താൻ പാർട്ണറെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തുകയായിരുന്നു.
ജൂൺ 27ന് രാത്രിയിലാണ് സംഭവം. ഇരുവരും തമ്മിൽ താമസസ്ഥലത്ത് വച്ച് തർക്കമുണ്ടായി. തർക്കത്തിനിടെ സച്ചിൻ റിഥികയുടെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയശേഷം റിഥികയുടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കയറുകൊണ്ട് കെട്ടിയശേഷം വീടിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് സച്ചിൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി സുഹൃത്തുമായി മദ്യപിച്ചു. മദ്യലഹരിയിൽ തൻറെ പാർട്ണറെ കൊലപ്പെടുത്തിയെന്ന് സച്ചിൻ സുഹൃത്തിനോട് പറഞ്ഞു.
എന്നാൽ, മദ്യലഹരിയിലായതിനാൽ തമാശ പറയുകയാണെന്നാണ് സുഹൃത്ത് ആദ്യം കരുതിയത്. അതിനാൽ തന്നെ കാര്യം ഗൗരവത്തിലെടുത്തില്ല. എന്നാൽ, അടുത്തദിവസം സച്ഛിൻ ഇതേ കാര്യം വീണ്ടും സുഹൃത്തിനോട് പറഞ്ഞു. ഇതോടെ കാര്യത്തിൻറെ ഗൗരവം മനസിലാക്കിയ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാടക വീട്ടിൽ നിന്നും റിഥികയുടെ മൃതദേഹവും കണ്ടെത്തി. മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലനടന്നസ്ഥലത്ത് നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബെംളൂരുവിലും ലിവിങ് പാർട്ണറെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായിരുന്നു. ബെംഗളൂരു ഹുളിമാവിൽ താമസിക്കുന്ന ആശ (40) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആശയ്ക്കൊപ്പം കഴിഞ്ഞിരുന്ന മുഹമ്മദ് ഷംസുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ 1.45ന് മാലിന്യ ട്രക്കിലേക്ക് വീട്ടിലെ മാലിന്യം ഉപേക്ഷിക്കാനെത്തിയ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ മുഹമ്മദ് മുസ്തഫ എന്ന യുവാവാണ് ചാക്കിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
മാലിന്യം ശേഖരിക്കുന്ന ട്രക്കിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയുടെ കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ ബെംഗളൂരു പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു. അസ്സം സ്വദേശിയായ മുഹമ്മദ് ഷംസുദ്ദീനാണ് (33) കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഒന്നര വർഷത്തിലധികമായി ആശയും ഷംസുദ്ദീനും വാടക വീട്ടിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു.