ജറുസലം: ഇന്നലെയും ഇസ്രയേലിലെ ജനതയ്ക്ക് അക്ഷരാർഥത്തിൽ ഭീകരരാത്രിയായിന്നു. തുടർച്ചയായ രണ്ടാം ദിവസവും ആകാശത്തുകൂടി തലങ്ങും വിലങ്ങും പാഞ്ഞ തീഗോളങ്ങൾ പാഞ്ഞ ഇസ്രയേലിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. രാത്രി 11 ന് ശേഷമാണ് ടെൽ അവീവിലും ഫൈഫയിലും ഇറാൻ ആക്രമണമുണ്ടായത്. പുലർച്ചവരെ സൈറണുകൾ തുടർച്ചയായി മുഴങ്ങിയതോടെ ജനങ്ങൾ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി.
മധ്യ ഇസ്രയേൽ നഗരമായ ജാഫയിലേക്കു യെമനിലെ ഹൂതികളും മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ഇസ്രയേലിലെ അറബ് പട്ടണമായ ടമാറയിൽ ഒരു കുടുംബത്തിലെ അമ്മയും 2 പെൺമക്കളുമടക്കം 4 പേർ കൊല്ലപ്പെട്ടു. ബാത് യാമിൽ 6 പേരും. ടെൽ അവീവിലെ തെക്കൻ പട്ടണമായ ബാത് യാമിൻ തകർന്നടിഞ്ഞ അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടവരെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ഇവിടെ എത്രപേർ ജീവനോടെയുണ്ടെന്ന കാര്യത്തിൽ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല.
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേൽ ബോംബിട്ട ഇറാന്റെ മുഖ്യ ആണവകേന്ദ്രമായ നതാൻസിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നെന്നാണ് റിപ്പോർട്ട്. ഉപഗ്രഹദൃശ്യങ്ങൾ പരിശോധിച്ചാണ് ഈ നിഗമനം. നിലയത്തിലേക്കു വൈദ്യുതി എത്തിക്കുന്ന കേന്ദ്രവും ഇക്കൂട്ടത്തിലുണ്ടെന്നാണു വിവരം. നിലയത്തിന്റെ ഉപരിതലഭാഗം തകർന്നതായി രാജ്യാന്തര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) മേധാവി റഫാൽ ഗ്രോസി യുഎൻ രക്ഷാസമിതിയെ അറിയിച്ചു.
ആണവനിലയത്തിന്റെ മുഖ്യഭാഗങ്ങൾ ഭൂമിക്കടിയിലാണ്. ഇവിടെ ആഘാതമില്ലെന്നാണു വിവരം. ഇസ്ഫഹാനിലെ ആണവകേന്ദ്രത്തിലും ബോംബുവീണ് നാലു പ്രധാന കെട്ടിടങ്ങൾ തകർന്നുവെന്നാണ് ഏജൻസി കണ്ടെത്തിയത്. രണ്ടിടത്തും ആണവച്ചോർച്ച ഇല്ലെന്ന് ഐഎഇഐ വ്യക്തമാക്കി. രണ്ടു നിലയങ്ങളിലെയും കേടുപാടുകൾ തീർക്കാൻ മാസങ്ങളെടുത്തേക്കും.
അതേസമയം ഇറാന്റെ തെക്കൻ പ്രവിശ്യയായ ബുഷെഹറിൽ സ്ഥിതി ചെയ്യുന്ന സൗത്ത് പാർസ് നിലയത്തിലെ പ്രകൃതിവാതകോൽപാദനം ഭാഗികമായി നിർത്തിവച്ചെന്നാണ് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തത്. ഇവിടെ ഉൽപാദിക്കുന്ന വാതകത്തിലേറെയും ഇറാൻ ആഭ്യന്തരമായാണ് ഉപയോഗിക്കുന്നത്. പാശ്ചാത്യ ഉപരോധമുള്ളതിൽ കാര്യമായ കയറ്റുമതി ഇല്ല. അതേസമയം പാർസ് വാതകപ്പാടം പങ്കിടുന്ന ഖത്തറിന്റെ (നോർത്ത് ഡോം ഫീൽഡ് ) കയറ്റുമതിയുടെ 70 ശതമാനവും ഇവിടെനിന്നാണ്.