ന്യൂഡൽഹി: രോഹിത്തും കോലിയും പടിയിറങ്ങിപ്പോയതിനു ശേഷമുള്ള ആദ്യം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനെട്ടംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ. 25-ാം വയസിലാണ് ഗില്ലിനെത്തേടി ഇന്ത്യയുടെ നായകസ്ഥാനമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ജൂൺ – ഓഗസ്റ്റ് മാസങ്ങളിലായി അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ടിൽ നടക്കുക.
വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. അതേസമയം രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനത്തിലൂടെ വിദർഭയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി താരം കരുൺ നായർ ദേശീയ ടീമിൽ തിരിച്ചെത്തി. ഐപിഎൽ സീസണിൽ മിന്നും ഫോമിലുള്ള സായ് സുദർശനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 33ാം വയസിലാണ് കരുൺ നായരുടെ ടെസ്റ്റിലേക്കുള്ള മടങ്ങി വരവ്. ഇതിനു മുൻപ് 2017 മാർച്ചിലാണ് കരുൺ അവസാനമായി ടെസ്റ്റ് കളിച്ചത്. എട്ടുവർഷങ്ങൾക്കുശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്.
അതേസമയം രോഹിത് ശർമയും വിരാട് കോലിയും വിരമിച്ചശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിനെതിരേ നടക്കുക. അതോടൊപ്പം സീനിയർ താരം ജസ്പ്രീത് ബുംറ ടീമിന്റെ ഭാഗമാണെങ്കിലും നേതൃനിരയിലുണ്ടാവില്ല. അതേസമയം പേസർ മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്തിയില്ല. ജോലിഭാരം കണക്കിലെടുത്താണ് ഷമിയെ ഉൾപ്പെടുത്താതിരുന്നത്.
ടീം സ്‌ക്വാഡ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഢി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ ബാറ്റർ), വാഷിങ്ടൺ സുന്ദർ, ശാർദുൽ ഠാക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.