തിരുവനന്തപുരം: സർക്കാർ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയിൽ ചേർന്നതിന് പിന്നാലെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്ത്. കിണറ്റിൽ വീണ പൂച്ചയെ എടുക്കാൻ ഒരു പാർട്ടി വന്നുവെന്നും വീട്ടുടമ ആ പാർട്ടിയിൽ ചേർന്നുവെന്നുമാണ് സണ്ണി ജോസഫിന്റെ പരിഹാസം.
അതേസമയം ഇന്നലെയാണ് മറിയക്കുട്ടി ബിജെപിയിൽ ചേർന്നത്. തൊടുപുഴയിൽ നടന്ന പരിപാടിയിൽവെച്ച് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി അറിയിച്ചിരുന്നു. ഒരു പാർട്ടി വീട് നിർമിച്ച് നൽകി. വീട്ടിലെ കിണറ്റിൽ ഒരു പൂച്ച വീണു. ആ പൂച്ചയെ എടുക്കാൻ വേറൊരു പാർട്ടി വന്നു. ഒടുക്കം വീട്ടുടമ ആ പാർട്ടിയിൽ ചേർന്നു എന്നതുപോലെയാണ് ഇപ്പോഴത്തെ അവസ്ഥയെന്നായിരുന്നു സണ്ണി ജോസഫിന്റെ പരിഹാസം.
ഏതാനും നാളുകൾക്കു മുൻപു സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി കഴിഞ്ഞ ദിവസമാണ് ബിജെപി അംഗത്വമെടുത്തത്. വികസിത കേരളം കൺവെൻഷൻ്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മറിയക്കുട്ടി എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ സ്വീകരിച്ചു. നേരത്തെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകിയിരുന്നു. എന്നാൽ അതുകൊണ്ട് ഒന്നുമാകില്ല, തനിക്കു വീടുവച്ചു തന്നതു കെപിസിസിയല്ല ജന പ്രതിനിധികളാണെന്നായിരുന്നു മറിയക്കുട്ടിയുടെ പ്രതികരണം. അതോടൊപ്പം കോൺഗ്രസും സിപിഎമ്മും ശരിയല്ലാത്തതുകൊണ്ടാണ് ബിജെപിയിൽ അംഗത്വം എടുത്തതെന്നു മറിയക്കുട്ടി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ബിജെപിയിൽ ചേർന്നത്. തനിക്ക് സഹായം ചെയ്യുന്നവരോടൊപ്പം നിൽക്കും. കേരളത്തിൽ സ്വതന്ത്രമായി ജീവിക്കാനാകാത്ത അവസ്ഥയാണെന്നും മറിയക്കുട്ടി പറഞ്ഞു.