തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരിയായ കുഞ്ഞ് ബന്ധുവിൽ നിന്ന് നേരിട്ടത് ക്രൂരമായ പീഡനമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുട്ടി കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുൻപുള്ള ദിവസം പോലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാണെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു.
ആദ്യം പിതാവിന്റെ ബന്ധുക്കളിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും രണ്ടുപേരെ വിട്ടയക്കുകയായിരുന്നു. പിന്നീട് പിതൃ സഹോദരനെ നീണ്ട എട്ട് മണിക്കൂർ ചോദ്യം ചെയ്തു. ഇതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
അതേപോലെ പത്തിലേറെ തവണ കുഞ്ഞിനെ താൻ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ വീടിന്റെ തൊട്ടരികിൽ തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. പലപ്പോഴും ഇയാൾ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരും. മിക്കപ്പോഴും കുട്ടി ഇയാൾക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. കുഞ്ഞിന് രണ്ടര വയസുള്ളപ്പോൾ മുതൽ ഇയാൾ ലൈംഗിക അതിക്രമം നടത്തിയിരുന്നു. താൻ കുഞ്ഞിന്റെ അടുത്ത ബന്ധുവായതിനാൽ ആരും സംശയിക്കില്ലെന്ന ധൈര്യമുണ്ടായിരുന്നു. കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ചൂഷണം ചെയ്തു. പറ്റിപ്പോയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്.
അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കേസിൽ ഏറെ നിർണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി മാത്രം അറിയപ്പെട്ട സംഭവം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ ലിസാ ജോണിന്റെ സംശയങ്ങളെ തുടർന്നാണ് . മറ്റൊരു ക്രൂരത പുറംലോകമറിഞ്ഞത്. പിന്നീട് പോലീസ് പീഡനക്കേസിലെ പ്രതിക്കായി അതീവ രഹസ്യമായാണ് നീക്കങ്ങൾ നടത്തിയത്. പ്രതിയെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നുൾപ്പെടെ പ്രതിയിലേക്കെത്താനുള്ള കൃത്യമായ സൂചനകൾ ലഭിച്ചു. എട്ട് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി നിൽക്കക്കള്ളിയില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു. ആലുവ ഡിവൈഎസ്പി ടി ആർ രാജേഷിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.