ന്യൂഡൽഹി: പാക്കിസ്ഥാനെ പോലെയുള്ള നിരുത്തരവാദിത്തപരമായ ഒരു തെമ്മാടി രാഷ്ട്രത്തിന്റെ കയ്യിൽ ആണവായുധങ്ങൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാൻ എത്ര നിരുത്തരവാദപരമായാണ് ഇന്ത്യയ്ക്ക് ആണവ ഭീഷണികൾ നൽകിയതെന്ന് ലോകം മുഴുവൻ കണ്ടതാണ്. ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോയെന്നും കേന്ദ്ര പ്രതിരോധമന്ത്രി ചോദിച്ചു. കൂടാതെ പാക്കിസ്ഥാന്റെ ആണവായുധങ്ങൾ ഐഎഇഎയുടെ (ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി) മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാക്കണമെന്നും രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം മുതൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിയന്ത്രണത്തിലേക്ക് പാക് ആണവായുധങ്ങൾ മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതാണ്. അതേസമയം അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ ക്ഷമ അവസാനിച്ചുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂരിനുശേഷം ജമ്മു കശ്മീരിലേക്കുള്ള തന്റെ ആദ്യ സന്ദർശന വേളയിലാണ് ശ്രീനഗറിൽ സംസാരിക്കവെ രാജ്യം ‘ആണവ ഭീഷണി’ വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞത്. തീവ്രവാദത്തിനെതിരെ നിർണായകമായ ശക്തിയോടെ തന്നെ രാജ്യം പ്രതികരിച്ചുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
അതേസമയം ഭീകരർ ഇന്ത്യക്കാരെ കൊന്നത് മതത്തിന്റെ പേരിലാണെന്നും എന്നാൽ തീവ്രവാദികളെ കൊന്നത് അവരുടെ പ്രവൃത്തികളുടെ പേരിലാണെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പഹൽഗാമിനു ശേഷം രാജ്യം മുഴുവൻ രോഷമുയർന്നുവെന്നും ആ രോഷം ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടുവെന്നും ധൈര്യത്തോടെയും വിവേകത്തോടെയും പഹൽഗാമിന് വേണ്ടി പ്രതികാരം ചെയ്തുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ശ്രീനഗറിലെ സൈനിക കേന്ദ്രത്തിൽ എത്തി സംസാരിക്കുക ആയിരുന്നു പ്രതിരോധ മന്ത്രി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് പ്രണാമം അർപ്പിക്കുന്നുവെന്നും പഹൽഗാമിൽ കൊല്ലപ്പെട്ട നിരപരാധികളായ ആളുകളെ ആദരിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.