ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി. സംഭവത്തിൽ ഷമിയുടെ സഹോദരന്‍ ഹസീബ് അഹമ്മദ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അമ്‌റോഹ പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.
ഐപിഎല്‍ തിരക്കുകള്‍ക്കിടയില്‍ ഇ മെയില്‍ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ സമയമില്ലാതിരുന്ന ഷമിക്കുവേണ്ടി സഹോദരനാണ് കഴിഞ്ഞ ദിവസം മെയില്‍ തുറന്ന് പരിശോധിച്ചത്. ഞായറാഴ്ചയാണ് സന്ദേശം ലഭിച്ചത്. ഒരു കോടി രൂപ തന്നില്ലെങ്കില്‍ ഷമിയെ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. രജ്പുത് സിന്ദാര്‍ എന്ന പേരിലാണ് സന്ദേശം വന്നത്.
ഇത് വ്യാജ പേരാണെന്നാണ് പൊലീസിന്റെ അനുമാനം. പ്രഭാകര്‍ എന്ന മറ്റൊരു പേരും ഇ മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്.ഇ മെയില്‍ സന്ദേശത്തിന്റെ പ്രിന്റഡ് കോപ്പി ഹസീബ് അഹമ്മദ് പൊലീസിന് കൈമാറി. എത്രയും പെട്ടെന്ന് സന്ദേശം അയച്ചവരെ കണ്ടെത്തുമെന്നും താരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞതായി ഹസീബ് അഹമ്മദ് വ്യക്തമാക്കി. ബെംഗളൂരുവില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.