കൊച്ചി: തൊഴിൽ തട്ടിപ്പ് കേസിലെ പ്രതി കാർത്തിക പ്രദീപിന്റെ ‘യുക്രെയ്ൻ മെഡിക്കൽ ബിരുദം’ വ്യാജമാണോ എന്നു കണ്ടെത്താൻ പൊലീസ്. യുക്രെയ്നിലെ ഖാർകീവ് നാഷനൽ യൂണിവേഴ്സിറ്റിയിൽ 2017 ഒക്ടോബറിലാണു കാർത്തിക പഠനം ആരംഭിച്ചത്. എന്നാൽ സഹപാഠിയായ യുവാവിൽ നിന്നു 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി ഉയർന്നതിനെ തുടർന്ന് എംബസി ഇടപെടുകയും യുക്രെയ്നിൽനിന്നു 2019ൽ നാടുകടത്തുകയും ചെയ്തതായാണു വിവരം.
2020 മുതൽ കോഴിക്കോട് കേന്ദ്രീകരിച്ചു തട്ടിപ്പുമായി കാർത്തിക സജീവമായെന്ന് ഇരകൾ പറയുന്നു. ഇതിനാൽ കാർത്തിക പഠനം പൂർത്തിയാക്കിയിട്ടില്ലെന്നാണു പൊലീസ് കരുതുന്നത്. 2020ൽ അർമേനിയയിലേക്കു ജോലിക്കു വീസ നൽകാമെന്നു പറഞ്ഞാണു കാർത്തിക തട്ടിപ്പു നടത്തിയത്. പ്രമുഖ ആശുപത്രിയിലെ ഡോക്ടറാണെന്നു പറഞ്ഞാണ് അന്നു തട്ടിപ്പിനു കളമൊരുക്കിയത്.ഇരകളെ ബാച്ച് തിരിച്ചു വാട്സാപ് ഗ്രൂപ്പിൽ ചേർത്താണു കാർത്തിക തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. ജോലി താൽപര്യം പ്രകടിപ്പിക്കുന്നവരെ ഒരു വർഷത്തോളം വാട്സാപ് ഗ്രൂപ്പിൽ നിലനിർത്തി പരിശീലനം, പരീക്ഷ, അഭിമുഖം, വൈദ്യ പരിശോധന, വീസ പ്രോസസിങ് തുടങ്ങിയവ വ്യാജമായി നടത്തി ഘട്ടംഘട്ടമായാണു പണം വാങ്ങിയിരുന്നത്. പരിശീലനത്തിനു സുഹൃത്തുക്കളിൽ ചിലരെത്തന്നെയാണു നിയോഗിച്ചിരുന്നത്. യുകെ തൊഴിൽ അഭിമുഖം വിദേശിയുടെ നേതൃത്വത്തിൽ ഓൺലൈനായാണു നടത്തിയിരുന്നത്.
എന്നാൽ, ഉദ്യോഗാർഥികളാരും വിദേശ ഇന്റർവ്യൂവറെ സ്ക്രീനിൽ കണ്ടിട്ടില്ല. ശബ്ദം മാത്രമേ കേട്ടിരുന്നുള്ളൂ. ഇതിനെപ്പറ്റി തിരക്കിയപ്പോൾ മുഖാമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥി പരിഭ്രമിക്കാതിരിക്കാനാണു വിദേശിയുടെ മുഖം കാണിക്കാത്തതെന്നായിരുന്നു മറുപടി.വീസ കിട്ടാതെ പരാതി പറയുന്നവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസ് കൊടുക്കാനും കാർത്തിക മടിച്ചിരുന്നില്ല. തന്നെ ഭീഷണിപ്പെടുത്തി, വീടുകയറി ആക്രമിക്കാൻ ശ്രമിച്ചു, പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയ പരാതികളാണു പൊലീസിൽ കാർത്തിക നൽകിയിരുന്നത്.
പൊലീസിനെ സ്വാധീനിച്ചു ഭീഷണിപ്പെടുത്തി കേസിൽനിന്നു പിൻമാറ്റിക്കാൻ ശ്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്നു പരാതിക്കാർ പറയുന്നു. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരെ കണ്ടു പരാതി നൽകി, തെളിവുകൾ സഹിതം കൈമാറിയതിനു ശേഷമാണു കേസുകൾ റജിസ്റ്റർ ചെയ്തതെന്നും ഇവർ പറയുന്നു.