ന്യൂഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) സെഞ്ചGറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ബിഹാറിൽനിന്നുള്ള പതിനാലുകാരൻ വണ്ടർകിഡ് വൈഭവ് സൂര്യവംശിയെ അനുകരിക്കാൻ ശ്രമിക്കരുതെന്ന് മകനോട് പ്രത്യേകം പറഞ്ഞിട്ടുണ്ടെന്ന്, ചെന്നൈ സൂപ്പർ കിങ്സിന്റെ പതിനേഴുകാരനായ താരം ആയുഷ് മാത്രെയുടെ പിതാവ് യോഗേഷ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് യോഗേഷ് തന്റെ മകനു കൊടുത്ത ഉപദേശം വെളിപ്പെടുത്തിയത്. വൈഭവും ആയുഷും രണ്ട് വ്യത്യസ്ത വ്യക്തികളാണ്. സെഞ്ചുറി നേടി റെക്കോർഡിട്ട വൈഭവിനെ അനുകരിക്കാൻ ശ്രമിച്ച് ആയുഷ് അനാവശ്യ സമ്മർദ്ദം വലിച്ചുവയ്ക്കാൻ ശ്രമിക്കേണ്ട കാര്യമില്ലെന്നും യോഗേഷ് പറഞ്ഞു.
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ തകർത്തടിച്ച് മുന്നേറിയ ആയുഷ് മാത്രെ സെഞ്ചുറിക്ക് തൊട്ടരികെയെത്തി നിൽക്കെ പുറത്തായിരുന്നു. ഷെയ്ക് റഷീദിനൊപ്പം ഓപ്പണറായി എത്തിയ മാത്രെ, 48 പന്തിൽ 94 റൺസെടുത്താണ് ആയുഷ് പുറത്തായത്. ഇതിനു പിന്നാലെയാണ് ആയുഷിന്റെ പിതാവിന്റെ പ്രസ്താവന.
യോഗേഷ് പറഞ്ഞതിങ്ങനെ- ‘‘ആയുഷും വൈഭവ് സൂര്യവംശിയും രണ്ട് വ്യത്യസ്ത ബാറ്റർമാരാണെന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആരെങ്കിലും ഇരുവരെയും താരതമ്യം ചെയ്യാൻ മുതിർന്നാൽ, അതിന് യാതൊരുവിധ ഗൗരവവും നൽകരുതെന്നും പറഞ്ഞിട്ടുണ്ട്. വൈഭവ് സൂര്യവംശിയെ അനുകരിക്കാൻ ശ്രമിക്കരുതെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. വൈഭവിനേപ്പോലെ സെഞ്ചുറി നേടാനും തത്രപ്പെടേണ്ടതില്ല. അനാവശ്യമായി വലിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച് സമ്മർദ്ദങ്ങൾ ചുമലിൽ വയ്ക്കേണ്ട കാര്യം ആയുഷിനില്ല. അവന് ഇനിയും ഏറെ ദൂരം പോകാനുണ്ട്’ – യോഗേഷ് പറഞ്ഞു.
അതേസമയം ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനുശേഷം മഹേന്ദ്രസിങ് ധോണിയും ആയുഷ് മാത്രെയും തമ്മിൽ നടന്ന സംഭാഷണത്തെക്കുറിച്ചും യോഗേഷ് വെളിപ്പെടുത്തി. ‘‘വളരെ നന്നായി കളിച്ചെന്ന് ധോണി ആയുഷിനെ അനുമോദിച്ചു. ഭാവിയിലും ഇത്തരം മികച്ച പ്രകടനങ്ങൾ വേണമെന്നും പറഞ്ഞു. ധോണി പറഞ്ഞത് ഒന്നോ രണ്ടോ വാക്കു മാത്രമാകാം. പക്ഷേ, ആയുഷ് ഉൾപ്പെടെയുള്ള യുവതാരങ്ങൾ വളരെയധികം വിലമതിക്കുന്ന താരമെന്ന നിലയിൽ ധോണിയുടെ വാക്കുകൾക്ക് വലിയ പ്രസക്തിയുണ്ട്. ഭാവിയിൽ ആയുഷിന്റെ ഉത്തരവാദിത്തക്കുറിച്ച് ഓർമിപ്പിച്ചതിലൂടെ അവന്റെ മികവിലും പ്രതിഭയിലും ധോണിക്കുള്ള വിശ്വാസം കൂടിയാണ് വെളിവായത്’ – യോഗേഷ് പറഞ്ഞു.
അതേസമയം ഈ സീസണിൽ ഇതുവരെ നാലു മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയണിഞ്ഞ ആയുഷ് മാത്രെ 32, 30, 7, 94 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്. അതേസമയം, ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർത്തിടിച്ച് സെഞ്ചുറി നേടി വാർത്തകളിൽ ഇടംപിടിച്ച വൈഭവ് സൂര്യവംശി, തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ നിരാശപ്പെടുത്തിയിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ പൂജ്യത്തിന് പുറത്തായ താരം, ഇന്നലെ കൊൽക്കത്തയ്‌ക്കെതിരെ 2 പന്തിൽ നാലു റൺസെടുത്തും പുറത്തായിരുന്നു. ആദ്യ പന്ത് ബൗണ്ടറി കടത്തിയ താരം രണ്ടാം പന്തിൽ രഹാനെയ്ക്ക് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു.
പഹൽഗാം തീവ്രവാദികൾക്ക് പാക്കിസ്ഥാനിൽ സൈനിക പരിശീലനം? ഹാഷിം മൂസ പാക് മുൻ പാരാ-കമാൻഡോ