കൊച്ചി: തൊഴിൽ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി കാർത്തിക പ്രദീപിന് ക്വട്ടേഷൻ- കാപ്പാ കേസ് പ്രതികളുമായി ബന്ധമെന്ന് പോലീസ്. കാപ്പാ കേസിലടക്കം ഉൾപ്പെട്ട പ്രതികളുമായാണ് യുവതി ബിസിനസ് വിപുലപ്പെടുത്തിയിരുന്നത്. കാപ്പാ കേസ് പ്രതികളെ ഉപയോഗിച്ചാണ് കാർത്തിക പല ഇടപാടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നതെന്നും നിശബ്ദമാക്കിയിരുന്നതെന്നുംപോലീസ് പറഞ്ഞു.
പണം നൽകിയിട്ടും ജോലി കിട്ടാതായതോടെ പലരും പണം തിരികെ ചോദിച്ചുതുടങ്ങിയതോടെ കാർത്തിക ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനായി ക്വട്ടേഷൻസംഘങ്ങളെയും കാപ്പാ കേസ് പ്രതികളെയും ഉപയോഗിച്ചിരുന്നതായാണ് പോലീസ് നൽകുന്ന വിവരം. അതിനാൽ, കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടേക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം തട്ടിപ്പിനിരയായി പണം നഷ്ടമായവരെ കാർത്തിക ഭീഷണിപ്പെടുത്തുന്നുവെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പുകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതേസമയം പ്രതി കാർത്തിക പ്രദീപിന് ഇൻസ്റ്റഗ്രാമിൽ 13,000-ഓളം ഫോളോവേഴ്‌സുണ്ട്. മിക്കദിവസവും ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങളും ഇവർ പോസ്റ്റ് ചെയ്തിരുന്നു. നിലവിൽ കാർത്തികയുടെ എംബിബിഎസ് ബിരുദവും സംശയത്തിന്റെ നിഴലിലാണ്. യുക്രൈനിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയെന്നാണ് കാർത്തിക അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇതേക്കുറിച്ച് സംശയമുണ്ട്. അതേസമയം, യുക്രൈനിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയെങ്കിലും കാർത്തിക ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യത നേടിയിരുന്നില്ലെന്ന വിവരങ്ങളുമുണ്ട്. പക്ഷെ വിദേശത്തെ ചില ആശുപത്രികളിൽ ഇവർ ജോലിചെയ്തിരുന്നതായും സൂചനകളുണ്ട്.
പത്തനംതിട്ട സ്വദേശിനിയും കൊച്ചി പുല്ലേപ്പടിക്ക് സമീപത്തെ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൾട്ടൻസി’ ഉടമയുമായ കാർത്തിക പ്രദീപിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളടക്കം ഒട്ടേറെ പേരിൽനിന്ന് യുവതി പണം തട്ടിയെന്നായിരുന്നു പരാതി.
യുകെയിൽ ജോലി വാഗ്ദാനംചെയ്ത് തൃശ്ശൂർ സ്വദേശിനിയിൽനിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാർത്തിക പ്രദീപിനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. യുകെയിൽ സോഷ്യൽ വർക്കർ ജോലി ശരിയാക്കിനൽകാമെന്നായിരുന്നു കാർത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയിൽനിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാൽ, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
എറണാകുളം പുല്ലേപ്പടിക്ക് സമീപത്തായിരുന്നു കാർത്തികയുടെ ‘ടേക്ക് ഓഫ് ഓവർസീസ്’ എന്ന റിക്രൂട്ടിങ് ഏജൻസി പ്രവർത്തിച്ചിരുന്നത്. ഓസ്‌ട്രേലിയ, ജർമനി, യുകെ, യുക്രൈൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികൾ തരപ്പെടുത്തി നൽകാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇത്തരം ജോലി വാഗ്ദാനങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലൂടെയും പാതയോരങ്ങളിൽ ഇവർ വലിയ ബോർഡുകൾ സ്ഥാപിച്ചും പരസ്യം ചെയ്തിരുന്നു.
അതേസമയം വിദേശരാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ തൊഴിലവസരം എന്നതായിരുന്നു കാർത്തികയുടെ സ്ഥാപനത്തിന്റെ പ്രധാന വാഗ്ദാനം. സോഷ്യൽവർക്കർ ഉൾപ്പെടെയുള്ള ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ഉദ്യോഗാർഥികളിൽനിന്ന് മൂന്നുമുതൽ എട്ടുലക്ഷം രൂപ വരെയാണ് പ്രതി കൈക്കലാക്കിയിരുന്നത്. ഇവരുടെ കെണിയിൽ വീണവരിൽ ഏറെയും സ്ത്രീകളായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് പ്രതി ചെയ്തതെന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
സാമ്പത്തികതട്ടിപ്പിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ കാർത്തികയെ കഴിഞ്ഞദിവസം രാത്രി കോഴിക്കോട്ടുനിന്നാണ് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്. എറണാകുളം സെൻട്രൽ സ്റ്റേഷന് പുറമേ കോഴിക്കോട്, വടകര, തൃശ്ശൂർ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും യുവതിക്കെതിരേ കേസുകളുണ്ട്. കാർത്തിക പിടിയിലായ വാർത്ത പുറത്തുവന്നതോടെ ഇവർക്കെതിരേ കൂടുതൽപേർ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കാർത്തികയുടെ ഭർത്താവിനും ഇവരുടെ തട്ടിപ്പ് അറിയാമെന്നാണ് പോലീസ് കരുതുന്നത്. അതിനാൽ തന്നെ ഇയാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.