കണ്ണൂര്‍: കണ്ണൂര്‍ കല്ലിക്കണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവഗാനവും. കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രത്തില്‍ ഘോഷയാത്രയ്ക്കിടെയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആഘോഷവും ഇന്‍ക്വിലാബ് വിളിയും. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിൽ വിപ്ലവഗാനം പാടിയത് വിവാദമായിരുന്നു. വിഷയത്തിൽ കോടതിയുടെ ഇടപെടലും ഉണ്ടായിരുന്നു. ക്ഷേത്രം വിശ്വാസികള്‍ക്കുള്ളതാണെന്നും വിശ്വാസികള്‍ക്കാണ് അവിടെ പ്രാധാന്യം കല്‍പ്പിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച രാത്രി രണ്ടുമണിക്കൂറോളം ഡിജെ സെറ്റിട്ട് റോഡ് തടസ്സപ്പെടുത്തിയാണ് പിണറായി വിജയന്റെ പ്രസംഗവും ചെഗുവേരയുടെ പതാകയും വിപ്ലവഗാനങ്ങളും അവതരിപ്പിച്ചതെന്ന് ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആരോപിച്ചു. ഇത്തരം രീതികളിലൂടെ മുന്നോട്ടുപോകാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കില്‍ കോണ്‍ഗ്രസ് പരാതി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബിജെപിയും സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ബിജെപി ആര്‍എസ്എസുകാര്‍ അവര്‍ക്ക് സ്വാധീനമുള്ള അമ്പലങ്ങളില്‍ ഗണഗീതങ്ങളും മറ്റുംപാടി സമാന്തരമായി ശക്തി കാണിക്കുന്നുണ്ട്. കണ്ണൂര്‍ മേഖലയില്‍ അത്തരത്തിലുള്ള ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സമീപകാലത്തെ സംഭവങ്ങള്‍ തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.