തിരുവനന്തപുരം: ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയത് മരവിപ്പിച്ച് സർക്കാർ. വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ച ശേഷം പ്രായം നിശ്ചയിക്കണമെന്നായിരുന്നു സമരം ചെയ്യുന്ന ആശമാരുടെ ആവശ്യം. എന്നാൽ വിരമിക്കൽ പ്രായം 62 ആക്കിയ ഉത്തരവ് പിൻവലിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
മാർച്ച് 19ന് ആശാ പ്രവർത്തകരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആശാ പ്രവർത്തകരുടെ സേവന കാലാവധി അവസാനിപ്പിക്കുന്നതിനു നിഷ്‌കർഷിച്ചിരിക്കുന്ന ‘62 വയസ് പൂർത്തിയാകുമ്പോൾ’ എന്ന നിബന്ധന മരവിപ്പിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.
അതേസമയം വേതന വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയേറ്റിനു മുന്നിൽ ആശാ വർക്കർമാർ നടത്തിവരുന്ന രാപ്പകൽ സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പുതിയ തീരുമാനം. ഓണറേറിയും വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യം ഇതുവരെയും സർക്കാർ അംഗീകരിച്ചിട്ടുമില്ല. മാത്രമല്ല പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല.