തിരുവനന്തപുരം: എംആർ അജിത് കുമാറിനെതിരായ ഡിജിപി ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് വെളിച്ചം കണ്ടതോടെ എന്തു നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന ആകാംഷയിലാണ് ഏവരും. എഡിജിപി പി വിജയനെതിരെ വ്യാജമൊഴി നൽകിയെന്ന പരാതിയിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് വ്യക്തമാക്കി ഡിജിപി സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറംലോകം കണ്ടത്. അതേസമയം ജനുവരിയിൽ നൽകിയ റിപ്പോർട്ട് സർക്കാർ തീരുമാനമെടുക്കാതെ പൂഴ്ത്തിവച്ചത് രണ്ടരമാസത്തോളം.
കഴിഞ്ഞ ഡിസംബർ 12-നാണ് അജിത്കുമാർ തനിക്കെതിരെ നടത്തിയത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി വിജയൻ ഡിജിപിക്കു പരാതി നൽകിയത്. ഈ കത്ത് ഡിജിപി സർക്കാരിനു കൈമാറി. തുടർന്ന് വിഷയത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജനുവരിയിൽ സർക്കാർ ഡിജിപിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പരിശോധനകൾക്കു ശേഷം ജനുവരി അവസാനത്തോടെ തന്നെ ഡിജിപി നടപടി ആവശ്യപ്പെട്ട് സർക്കാരിനു റിപ്പോർട്ട് കൈമാറുകയും ചെയ്തു.
അതിൽ വിജയനെതിരെ അജിത്കുമാർ നൽകിയത് വ്യാജമൊഴി ആണെന്നും സിവിൽ ആയോ ക്രിമിനൽ ആയോ നടപടി സ്വീകരിക്കണമെന്നുമുള്ള ശുപാർശയാണ് ഡിജിപി മുഖ്യമന്ത്രിക്കു നൽകിയത്. ഇത്രത്തോളം ഗൗരവമായ വിഷയം ആയിരുന്നിട്ടു പോലും രണ്ടരമാസമായിട്ടും ഇക്കാര്യത്തിൽ ഒരു തീരുമാനവും എടുക്കാൻ സർക്കാർ തയാറായിട്ടില്ല. മാത്രമല്ല സ്വന്തം നിലയ്ക്കു നിയമനടപടി എടുക്കാൻ അനുവദിക്കണമെന്ന പി വിജയന്റെ ആവശ്യവും അംഗീകരിച്ചിട്ടില്ല.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിവി അൻവർ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപി എസ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നിലാണ് എഡിജിപി പി വിജയനെതിരെ എഡിജിപി എംആർ അജിത്കുമാർ മൊഴി നൽകിയത്. അതിൽ കരിപ്പൂരിലെ സ്വർണക്കടത്തിൽ പി വിജയനു ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാറിന്റെ മൊഴി. എന്നാൽ സുജിത് ദാസ് ഈ മൊഴി നിഷേധിച്ചിരുന്നു. മൊഴി അസത്യമാണെന്നും അതിനാൽ ഇക്കാര്യങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനൽകുകയായിരുന്നു.
2023ൽ കോഴിക്കോട് ട്രെയിൻ തീവയ്പുമായി ബന്ധപ്പെട്ട് എംആർ അജിത്കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പി വിജയനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പ്രതിയുടെ വിവരങ്ങൾ ചോർത്തിയത് വിജയൻ ആണെന്നായിരുന്നു അജിത്കുമാറിന്റെ റിപ്പോർട്ട്. പിന്നീട് നടന്ന അന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളിയതോടെയാണ് വിജയൻ സർവീസിൽ തിരിച്ചെത്തിയത്. അതോടെ അജിത്കുമാറിന് പി വിജയനോട് വ്യക്തിവൈരാഗ്യമുണ്ടെന്ന ആക്ഷേപം ഉയർന്നു. ഇതിനാക്കം കൂട്ടാൻ സ്വർണക്കടത്ത് ബന്ധ ആരോപണവും.
അതേസമയം അജിത്കുമാറിനെതിരെ രണ്ടാം തവണയാണ് ഡിജിപി ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകുന്നത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത്കുമാർ നൽകിയ അന്വേഷണ റിപ്പോർട്ട് തള്ളിയ ഡിജിപി അജിത്കുമാറിന് സംഭവത്തിലുള്ള ബന്ധവും അന്വേഷിക്കണമെന്ന് ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളിയ ആഭ്യന്തര സെക്രട്ടറി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പൂരം കലക്കലിൽ അജിത് കുമാറിന്റെ പങ്കിനെക്കുറിച്ച് ഡിജിപിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. മന്ത്രി കെ രാജന്റെയും അജിത്കുമാറിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം ഇതു സംബന്ധിച്ചുള്ള റിപ്പോർട്ടും ഡിജിപി സർക്കാരിനു കൈമാറും. പുതിയ ഡിജിപി സാധ്യതാപട്ടികയിലും എംആർ അജിത്കുമാർ ഇടംപിടിച്ചതിനു പിന്നാലെയാണ് കൂടുതൽ വിവാദങ്ങൾ പുറത്തുവരുന്നത്. അജിത്കുമാറിന് പുറമേ നിലവിൽ ഏറ്റവും സീനിയറായ ഡിജിപി നിതിൻ അഗർവാൾ, നിലവിൽ ഐബിയുടെ സ്‌പെഷൽ സെക്രട്ടറിയും കേരള കേഡറിൽ രണ്ടാമനുമായ റവാഡാ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത, എഡിജിപിമാരായ മനോജ് ഏബ്രഹാം, സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്.
അതിൽ ഏപ്രിൽ 30ന് കെ പത്മകുമാർ വിരമിക്കുന്ന ഒഴിവിൽ മനോജ് ഏബ്രഹാമിന് ഡിജിപി സ്ഥാനം ലഭിക്കും. ഇതോടെ അജിത് കുമാർ വീണ്ടും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സംസ്ഥാന പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് ജൂൺ 30-നാണ് വിരമിക്കുന്നത്. ജൂലൈയിലാണ് അജിത്കുമാറിന് ഡിജിപി പദവി ലഭിക്കുന്നത്. ഇപ്പോഴത്തെ വിഷയത്തിൽ ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് കേസെടുക്കുന്ന സാഹചര്യമുണ്ടായാൽ അജിത്കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തെ അതു പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് ഡിജിപിയുടെ റിപ്പോർട്ട് പൂഴ്ത്തി നടപടികൾ വൈകിപ്പിച്ച് അജിത്കുമാറിന് സർക്കാർ സംരക്ഷണമൊരുക്കുന്നതെന്നാണ് ആക്ഷേപം.
അതേസമയം എംആർ അജിത്കുമാറിനെതിരെ ഡിജിപി ഇപ്പോൾ നൽകിയിരിക്കുന്ന റിപ്പോർട്ടിനു മുകളിൽ മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് വെറും വിഡ്ഢിത്തം മാത്രമാണെന്നു പിവി അൻവർ പറഞ്ഞിരുന്നു. മുൻ അനുഭവങ്ങൾ പരിശോധിച്ചാൽ എംആർ അജിത്കുമാർ എന്ന വ്യക്തി മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്ന് വ്യക്തമാകുമെന്നും അൻവർ പറഞ്ഞു.