കൊച്ചി: പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം ഏർപ്പെടുത്തിയതോടെ ലോകമെമ്പാടും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നതായി സൂചന. ഇതോടെ ചൈനയും ചില യൂറോപ്യൻ രാജ്യങ്ങളും യുഎസിനെതിരെ തിരിച്ചടി തുടങ്ങിയിട്ടുണ്ട്. ചൈന തുടങ്ങിവച്ചത് മറ്റു രാജ്യങ്ങളും ഏറ്റെടുത്തുതുടങ്ങി.
കഴിഞ്ഞ രാത്രിയിൽ 104% താരിഫ് ഏർപ്പെടുത്തിയതിന് മറുപടിയായി, ചൈനീസ് സെൻട്രൽ ബാങ്ക് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളോട് യുഎസ് ഡോളർ വാങ്ങുന്നത് വെട്ടികുറയ്ക്കാൻ ആവശ്യപ്പെട്ടു. ചൈനയുടെ 1 ട്രില്യൺ ഡോളർ കരുതൽ ശേഖരം വിൽക്കാൻ തുടങ്ങിയാൽ അമേരിക്ക വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് പ്രവചനങ്ങൾ.
ബുധനാഴ്ച രാവിലെ വില നിശ്ചയിക്കുമ്പോൾ 3007 ഡോളർ ആയിരുന്നു അന്താരാഷ്ട്ര വില. എന്നാൽ 11 മണിയോടെ 2978 ഡോളറിലേക്ക് താഴ്ന്ന അന്താരാഷ്ട്ര സ്വർണ്ണവില പിന്നീട് മുകളിലോട്ട് ഉയരുകയാണ് ഉണ്ടായത്. വൈകിട്ട് യുഎസ് വിപണി ഓപ്പൺ ചെയ്തപ്പോൾ 3084 ഡോളറിലേക്ക് കുതിച്ചെത്തുയർന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഈ നില തുടർന്നാൽ വ്യാഴാഴ്ച കേരള വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 200 രൂപയിൽ കൂടുതൽ വർദ്ധിക്കാനാണ് സാധ്യത.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ സ്വർണ്ണവില വീണ്ടും കുതിക്കും എന്നുള്ള റിപ്പോർട്ടുകൾ ആണു വരുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. അന്താരാഷ്ട്ര സ്വർണ്ണവില 3200 ഡോളർ കടന്നു മുന്നോട്ടു പോകുമെന്നുള്ള പ്രവചനങ്ങളും വരുന്നുണ്ട്.