സ്വർണക്കടത്ത് കേസിനി പിന്നാലെ വ്യക്തി ജീവിതത്തിലും കന്നട നടി രന്യ റാവുവിനു തിരിച്ചടി. നടിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച ഭർത്താവ് ജതിൻ ഹുക്കേരി വിവാഹമോചനത്തിന് കോടതിയിൽ അപേക്ഷ നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വിവാഹിതരായിട്ടു മാസങ്ങളെ ആയുള്ളുവെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതിനാൽ ഇരുവരും അകന്നു കഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണു സ്വർണക്കടത്തു കേസിൽ രന്യ അറസ്റ്റിലാകുന്നത്.
തങ്ങളുടെ ദാമ്പത്യം തുടക്കം മുതൽ തന്നെ പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നുവെന്ന് മാധ്യമങ്ങളോട് ജതിൻ പറഞ്ഞു. ‘ഞങ്ങൾ വിവാഹിതരായ ദിവസം മുതൽ, ഞാൻ വേദനയും ദുരിതവും സഹിക്കുകയാണ്. ഇനി വയ്യ… ഒടുവിൽ വിവാഹമോചനത്തിന് അപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.- അദ്ദേഹം വെളിപ്പെടുത്തി.
രന്യയുമായുള്ള വിവാഹം 2024 നവംബർ മാസത്തിൽ കഴിഞ്ഞെങ്കിലും ഒരുമാസത്തിനു ശേഷം വേർപിരിഞ്ഞിരുന്നെന്ന് ജതിൻ കോടതിയിൽ പറഞ്ഞത്. നടി ഉൾപ്പെട്ട സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട അറസ്റ്റിൽനിന്ന് സംരക്ഷണം തേടി കോടതിയെ സമീപിച്ചപ്പോൾ ജതിനുവേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. നവംബറിൽ വിവാഹിതരായെങ്കിലും ചില പ്രശ്നങ്ങളെ തുടർന്ന് നിയമപരമല്ലാതെയാണെങ്കിലും ഡിസംബറിൽ വേർപിരിഞ്ഞെന്ന് അഭിഭാഷകൻ പ്രഭുലിംഗ് നവദാഗി കോടതിയെ അറിയിച്ചു.
മാർച്ച് 4ന് ബെംഗളൂരു കെമ്പഗൗഡ വിമാനത്താവളത്തിൽവെച്ചാണ് 12.56 കോടിരൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ രന്യ അറസ്റ്റിലായത്.