ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കാന്‍സര്‍, ഡയബറ്റിസ്, ഹൃദ്രോഗങ്ങള്‍, മറ്റ് ആന്റിബയോട്ടിക്കുകള്‍ എന്നിവയ്ക്കുള്ള മരുന്നുകളുടെ വില ഉയര്‍ന്നേക്കും. 1.7 ശതമാനംവരെ ഉടന്‍ വിലയുയര്‍ന്നേക്കുമെന്നു സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
രോഗികള്‍ക്കു തിരിച്ചടിയാകുമെങ്കിലും ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിനു സഹായകരമാകുമെന്നു ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്‌സ് ജനറല്‍ സെക്രട്ടറി രാജീവ് സിംഗാള്‍ പറഞ്ഞു. എന്നാല്‍, അടുത്ത രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ മാത്രമേ പുതിയ വിലയിലുള്ള മരുന്നുകള്‍ മാര്‍ക്കറ്റില്‍ എത്തൂ.
എന്നാല്‍, അനുവദനീയമായ വിലയിലും കൂടുതല്‍ വില ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഈടാക്കുന്നുണ്ടെന്നും ഇത്തരത്തില്‍ 307 സംഭവങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. 2022 ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വില നിയന്ത്രണം 3788 കോടി രോഗികള്‍ക്കു സഹായം ചെയ്തിട്ടുണ്ടെന്നു കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രാലയം വ്യക്തമാക്കി.