ഇത്തവണത്തെ കൊല്ലം സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുൻപന്തിയിൽ നിൽക്കേണ്ടയാളെ കാണാതെ അന്വേഷിക്കുകയാണ് ഏവരും. തറവാട്ടിലെ മുഖ്യ അംഗം തന്നെ തറവാട്ടിൽ നിന്നു വിട്ടു നിൽക്കുന്നു. അത്യാവശ്യത്തിന് മാറി നിൽക്കുന്നതോ അതോ കുടുംബാംഗങ്ങൾ മാറ്റി നിർത്തിയതോ എന്തെന്നറിയില്ല. സംഭവം വേറൊന്നുമല്ല കൊല്ലം സിപിഎം സമ്മേളനത്തിന്റെ എഴ് അയൽവക്കത്തുപോലും സ്ഥലം എംഎൽഎയെ കാണാനില്ല. അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം മുകേഷ് എറണാകുളത്ത് ഷൂട്ടിങ്ങിലാണ് എന്നാണ്.
കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ പാർട്ടി എംഎൽഎയായ മുകേഷ് ഇല്ലാത്തതിനെ കുറിച്ചുള്ള ചർച്ചകളുയർന്നിരുന്നു. കൊല്ലം എംഎൽഎ എന്ന നിലയിൽ മുഖ്യ സംഘാടകരിൽ ഒരാൾ ആവേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനിൽ മുകേഷിനു പങ്കെടുക്കാമായിരുന്നു. എന്നാൽ ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷിനെ പാർട്ടി മാറ്റിനിർത്തിയെന്ന ആരോപണ് ഇപ്പോൾ ഉയരുന്നത്. അതേസമയം ഷൂട്ടിങ് തിരക്കിലായതിനാൽ മുകേഷ് സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഇക്കാര്യം കൊല്ലത്തെ സിപിഎം നേതാക്കൾ ആരും സ്ഥിരീകരിച്ചിട്ടില്ല.
പാർട്ടി സെക്രട്ടറിയോട് അന്വേഷിച്ചപ്പോൾ മുകേഷ് എവിടെയെന്ന് നിങ്ങൾ തിരക്കിയാൽ മതിയെന്നായിരുന്നു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. ആരൊക്കെ എവിടെയെന്ന് എനിക്ക് എങ്ങനെ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ മാധ്യമപ്രവർത്തകർ ഫോണിൽ വിളിച്ചന്വേഷിച്ചപ്പോൾ കോട്ടയം ഷൂട്ടിങ്ങിലാണെന്നും സെറ്റിൽ സംസാരിക്കാൻ പാടില്ലെന്നാണ് നിർദേശമെന്നുമായിരുന്നു നടനും എംഎൽഎയുമായ മുകേഷിന്റെ മറുപടി.
ഷൂട്ടിങ് കഴിയുമ്പോൾ, എല്ലാത്തിനും മറുപടി പറയും. ഷൂട്ടിങ് കഴിഞ്ഞ് കൊല്ലത്ത് വരും. ഞാനൊരു ചെറിയ മനുഷ്യനാണ്. നിങ്ങൾക്ക് എത്രയോ ബിരിയാണി ഞാൻ തന്നു. ഒരു ബിരിയാണി കൂടി കഴിക്കണമെന്ന് പറയുന്നത് ശരിയല്ല. ഒരു പാവപ്പെട്ടവനെ ഉപദ്രവിക്കല്ലേയെന്നും തമാശ രൂപേണ മറുപടിയുമെത്തി.