കൊച്ചി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് സിഐഐയുടെ മുൻ പ്രസിഡന്‍റും ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസിൻ്റെ എക്സിക്യൂട്ടീവ് ചെയർമാനുമായ ആർ. ദിനേശ് പറഞ്ഞു. കൊച്ചിയിൽ ഇന്ത്യൻ വ്യവസായ കോൺഫെഡറേഷൻ (സിഐഐ) സംഘടിപ്പിച്ച കേരള ഫാമിലി ബിസിനസ് കോൺക്ലേവ് 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻ്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൻ്റെ (ജിഡിപി) 70% സംഭാവനയും കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളിൽ നിന്നാണ്. രാജ്യത്തെ മൊത്തം ബിസിനസുകളിൽ 80% വും ഇവയാണ്. രാജ്യത്തെ തൊഴിൽ ശക്തിയുടെ 60% പേർക്ക് തൊഴിൽ നൽകുന്നതിനും കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങൾക്ക് കഴിയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിലും ഇന്ത്യയിലും കുടുംബ ബിസിനസ്സുകൾ ചലനാത്മകവും വികസിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഈ സംരംഭങ്ങൾ സമകാലിക വെല്ലുവിളികളെയും അവസരങ്ങളെയും അഭിമുഖീകരിക്കുമ്പോൾ, പ്രൊഫഷണലൈസേഷൻ, സാങ്കേതികവിദ്യയുടെ സ്വീകരണം, ആസൂത്രണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇത്തരം ബിസിനസുകളുടെ ഭാവി വളർച്ചയ്ക്ക് നിർണായകമാണെന്ന് സിഐഐ ദക്ഷിണേന്ത്യൻ മേഖല ചെയർപേഴ്സണും ചന്ദ്ര ടെക്സ്റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടറുമായ ഡോ. ആർ. നന്ദിനി പറഞ്ഞു.
ലോകത്തിലെ കുടുംബ ബിസിനസുകളുടെ മൂന്നാമത്തെ വലിയ കേന്ദ്രം ഇന്ത്യയാണെന്ന് ഗ്രാൻ്റ് തോൺ്റൺ ഭാരത് എൽഎൽപിയിലെ പങ്കാളിയും ഫാമിലി ഓഫീസ് ലീഡറുമായ ശ്രീമതി. പല്ലവി ജോഷി ബഖ്രു അഭിപ്രായപ്പെട്ടു. നെതർലാൻഡ്‌സ്, പോളണ്ട്, ജർമ്മനി, സ്വീഡൻ, ഫിൻലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 12 അംഗ അന്താരാഷ്ട്ര പ്രതിനിധി സംഘം കോൺക്ലേവിൽ പങ്കെടുത്തു. കുടുംബ സംരംഭങ്ങളെ രൂപപ്പെടുത്തുന്നതിൽ നവീകരണത്തിൻ്റെയും സുസ്ഥിരതയുടെയും നിർണായക പങ്ക് പരിപാടിയിലെ വിവിധ സെഷനുകൾ ചർച്ച ചെയ്തു. കുടുംബ ബിസിനസുകൾ പലപ്പോഴും ദീർഘകാല വീക്ഷണതോടെയാണ് മുന്നോട്ട് പോകുന്നത്. ഇത് സുസ്ഥിരതയും തലമുറകളിലുടനീളം സമ്പത്ത് സംരക്ഷിക്കുന്നതിനും കഴിയുമെന്ന് പ്രാസംഗികർ എടുത്തുപറഞ്ഞു.
സിഐഐ കേരള ചെയർമാൻ വിനോദ് മഞ്ഞില, സിഐഐ കേരള വൈസ് ചെയർപേഴ്സൺ ശാലിനി വാരിയർ, ഫോർബ്സ് മാർഷൽ സഹ ചെയർമാൻ ഫർഹാദ് ഫോർബ്സ്, ഇഐഡി പാരി (ഇന്ത്യ) ലിമിറ്റഡ് സിഇഒ മുത്തു മുരുഗപ്പൻ, എംഎസ്എ കുമാർ, ജോർജ് മുത്തൂറ്റ് ജോർജ്, അർക്കാന കോസ്മെറ്റിക്സ് പോളണ്ട് സിഇഒ വോയ്സിച്ച് പിസിക്, ഗിറ്റ്സ് ഫുഡ് പ്രൊഡക്ട്സ് ഓപ്പറേഷൻസ് ഡയറക്ടർ സംനാസ് തേജാനി, ഗ്രാൻ്റ് തോൺ്റൺ ഭാരത് എൽഎൽപി പങ്കാളിയും നാഷണൽ ഗ്ലോബൽ ലീഡറുമായ സിദ്ധാർത്ഥ് നിഗം, എഫ്ബിഎൻ ഇന്ത്യ ചാപ്റ്റർ സിഐഐ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി. സന്ധ്യ സത്വാഡി എന്നിവരുൾപ്പെടെയുള്ള വ്യവസായ പ്രമുഖർ കോൺക്ലേവിൽ പങ്കെടുത്തു സംസാരിച്ചു.