കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികളുടെ ആക്രമണത്തിൽ പരുക്കേറ്റ മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചവരുടെ കൂട്ടത്തിൽ മുതിർന്നവരും ഉണ്ടെന്ന് മാതാവ് കെപി റംസീന. ഷഹബാസിനെ മർദിച്ചത് ആയുധമുപയോഗിച്ചെന്നും റംസീന പറഞ്ഞു.‘മുതിർന്നവർ സംഘത്തിലുണ്ടായിരുന്നുവെന്നു ഷഹബാസിൻറെ സുഹൃത്തുക്കളാണു പറഞ്ഞത്. ഷഹബാസിനെ മർദിച്ച കുട്ടി ക്ഷമാപണം നടത്തി സന്ദേശമയച്ചു. ഇനിയൊരു ഉമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുത്. കർശന നടപടി സ്വീകരിക്കണം’’– മാതാവ് പറഞ്ഞു.
പക്ഷെ ഇക്കാര്യം പോലീസ് നിഷേധിച്ചു, ഷഹബാസിനെ മുതിർന്നവർ ആരും മർദിച്ചിട്ടില്ലെന്നാണു പോലീസ് പറയുന്നത്. മർദനത്തിൽ കൂടുതൽ വിദ്യാർഥികൾ പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ഷഹബാസിൻറെ ഫോണിലേക്ക് ആക്രമിച്ച കുട്ടി ക്ഷമാപണ സന്ദേശമയച്ചു. ‘സംഭവിച്ചതിൽ പൊരുത്തപ്പെടണം’ എന്നാണു സന്ദേശം.
അതേസമയം ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഇൻസ്റ്റഗ്രാം ചാറ്റിന്റെ വാൾപേപ്പർ ‘സ്‌ക്വിഡ് ഗെയിം’ വെബ്‌സീരിസിലെ ഡോൾ. കടുത്ത വയലൻസ് ഉൾക്കൊള്ളുന്ന ദക്ഷിണ കൊറിയൻ സീരീസാണ് സ്‌ക്വിഡ് ഗെയിംസ്. അതിലെ ഡോളിന്റെ ചിത്രമാണ് ഗ്രൂപ്പ് ചാറ്റിന്റെ വാൾപേപ്പർ. ഈഗ്രൂപ്പിലാണ് ഷഹബാസിനെ താനിന്ന് കൊല്ലുമെന്നും ഒരാൾ മരിച്ചാൽ വലിയ വിഷയമല്ലെന്നും പോലീസ് കേസെടുക്കില്ലെന്നും വിദ്യാർഥി പറയുന്നത്.
ഇങ്ങനെയായിരുന്നു വിദ്യാർഥിയുടെ ഇൻസ്റ്റഗ്രാം ചാറ്റ്- ‘ഞാനിന്നൊരു കാര്യം പറയാം. ഷഹബാസിനെ ഞാനിന്ന് കൊല്ലും. പറഞ്ഞാൽ പറഞ്ഞപോലെയാണ്. ഓന്റെ കണ്ണ് ഒന്ന് പോയി നോക്ക്. കണ്ണൊന്നും ഇല്ല’, ‘മരിച്ചുകഴിഞ്ഞാലും വലിയ വിഷയമില്ല. കേസൊന്നും ഉണ്ടാവില്ല. അവർ ഇങ്ങോട്ട് വന്നതല്ലേ. കേസൊക്കെ തള്ളിപ്പോകും’, എന്നും ഇൻസ്റ്റഗ്രാം ചാറ്റിലുണ്ട്. ഇൻസ്റ്റഗ്രാമിന് പുറമേ വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയും സംഘർഷത്തിന് ആസൂത്രണം ചെയ്തുവെന്നും വിവരമുണ്ട്.
താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് ഇന്നു പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ആദ്യമുണ്ടായ സംഘർഷം അധ്യാപകർ ചേർന്ന് തീർത്തുവെങ്കിലും പിന്നീട് ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ 5 വിദ്യാർഥികൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.