വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് വത്തിക്കാന്‍ അറിയിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് റോമിലെ ജെമിലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു. ആരോഗ്യനില ഗുരുതരമാണെന്നും ഇന്നലത്തേതിനേക്കാള്‍ വഷളായതായും വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആസ്ത്മയുടെ ഭാഗമായ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവില്‍ ഓക്സിജന്‍ നല്‍കേണ്ടി വന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിരുന്നു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മാര്‍പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ട്. മരണാസന്നമായ നിലയിലല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ഇരു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞുവരുന്നതായി വത്തിക്കാൻ അറിയിച്ചിരുന്നു. രാത്രി വലിയ വിഷമമുണ്ടായില്ല. നന്നായി ഉറങ്ങി. യന്ത്രസഹായമില്ലാതെ ശ്വസിക്കാനാവുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ടെന്നായിരുന്നു മെഡിക്കല്‍ സംഘം കഴിഞ്ഞദിവസം അറിയിച്ചത്. 88 കാരനായ മാർപാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.