വാഷിങ്ടൺ: യാഥൊരു മുന്നറിയിപ്പുമില്ലാതെ ഒരു മെസേജിന്റെ പിൻബലത്തിലുണ്ടായ കൂട്ടപ്പിരിച്ചുവിടലിന്റെ ഞെട്ടലിലാണ് അമേരിക്ക. സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന പതിനായിരം ആളുകളെ ജോലിയിൽനിന്ന് പുറത്താക്കിയുള്ള ഉത്തരവാണ് ട്രംപ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രൊബേഷണറി ജീവനക്കാരാണ് പിരിച്ചുവിട്ടിരിക്കുന്നതിൽ ഏറെയുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത് പിരിച്ചുവിടലിന്റെ തുടക്കം മാത്രമാണെന്നാണ് വിവരം. രണ്ടുലക്ഷത്തോളം ആളുകളെയാണ് ഈ പുറത്താക്കൽ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
പൊതുസ്ഥലങ്ങളുടെ പരിപാലനം, നാഷണൽ പാർക്കുകളും നിയന്ത്രണം, ഗ്യാസ് ലീസിങ് പ്രോഗ്രാമുകൾ തുടങ്ങി യുഎസ് ആഭ്യന്തര വകുപ്പിന് കീഴിൽ തൊഴിലെടുത്തിരുന്ന 2300 ആളുകളെയാണ് വെള്ളിയാഴ്ച ഒറ്റദിവസം കൊണ്ട് പിരിച്ചുവിട്ടത്. ട്രംപിന്റെ ഈ നീക്കത്തിനെതിരേ വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയതെന്നാണ് കൂടുതൽ ആളുകളും പരാതിപ്പെടുന്നത്.
മൈക്രോസോഫ്റ്റ് ടീമിന്റെ ഗ്രൂപ്പ് കോളുകളിലൂടെയും മുൻകൂട്ടി തയ്യാറാക്കിയ മെസേജുകൾ വഴിയുമാണ് പുറത്താക്കി കൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്. ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള നിങ്ങളുടെ സാധന സാമഗ്രികൾ എല്ലാം പാക്കുചെയ്ത് 30 മിനിറ്റിനുള്ളിൽ ഓഫീസ് വിടണമെന്നാണ് അറിയിപ്പ് ലഭിച്ചത്. പിരിച്ചുവിടുന്നുണ്ടെങ്കിൽ ആ വിവരം ഇ-മെയിലിൽ മുൻകൂട്ടി അറിയിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അത്തരത്തിൽ യാതൊരു അറിയിപ്പ് ആർക്കും ലഭിച്ചിരുന്നില്ലെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്.
ട്രംപ് സർക്കാർ നടത്തുന്നത് ജീവനക്കാരോടുള്ള നീതി നിഷേധമാണെന്ന് അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് മേധാവി എവററ്റ് കെല്ലി പറയുന്നു. തൊഴിലാളികൾക്ക് ന്യായമായും ലഭിക്കേണ്ട എല്ലാ നടപടി ക്രമങ്ങളും നിഷേധിക്കപ്പെട്ടു. മുൻകൂട്ടിയുള്ള യാതൊരു അറിയിപ്പും നൽകാതെ, നിയമം അനുശാസിക്കുന്ന ഒരു നടപടികളും സ്വീകരിക്കാതെയാണ് ജീവനക്കാരെ കൂട്ടമായി പുറത്താക്കിയിരിക്കുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്.
സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സർക്കാർ മേഖലയിൽ ജോലി നോക്കുന്ന ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഗവൺമെന്റ് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നത്. ട്രംപും അദ്ദേഹത്തിന്റെ ഉപദേശകനായ ഇലോൺ മസ്‌കും കൂടിച്ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. ഇന്റേണൽ റവന്യൂ സർവീസിലെ ആയിരത്തോളം ജീവനക്കാരെയും അടുത്ത ആഴ്ചയോടെ പിരിച്ചുവിടുമെന്നും റിപ്പോർട്ടുകളുണ്ട്.