തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് വിദ്യാർഥിയുടെ വീട്ടുകാർ രംഗത്ത്. ഇതേ സ്കൂളിലെ ക്ലർക്ക് ഇന്നലെ കുട്ടിയോട് മോശമായി പെരുമാറിയെന്നും പ്രിൻസിപ്പൽ വിദ്യാർഥിയോട് രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടുവെന്നും കുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
വെള്ളിയാഴ്ച രാവിലെയാണ് പ്ലസ് വൺ വിദ്യാർഥി ബെൻസൺ ഏബ്രഹാമിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ സ്കൂളിലെത്തിയ വിദ്യാർഥി അസൈമെന്റ് സൈൻ ചെയ്തതിൽ സീൽ വച്ച് നൽകാൻ ക്ലർക്കിനോട് ആവശ്യപ്പെട്ടിരുന്നു എന്നാൽ ക്ലർക്ക് ഇത് നൽകിയില്ല. മാത്രമല്ല കുട്ടിയോട് ക്ലർക്ക് കയർത്ത് സംസാരിച്ചെന്ന് കുട്ടി വീട്ടിൽ പറഞ്ഞിരുന്നുവെന്നും അമ്മാവൻ വെളിപ്പെടുത്തി. ‘മകൻ കൊല്ലപ്പെട്ടതാണ് ആത്മഹത്യ എന്ന് പറയില്ല. മരണത്തിലേക്ക് മകനെ തള്ളി വിടുകയായിരുന്നു. ഇന്നലെ റെക്കോർഡ് സീൽ ചെയ്യേണ്ട ദിവസമായിരുന്നു. സീൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാണാൻ ചെന്നപ്പോൾ ഇത് നൽകാതെ ക്ലർക്ക് വേറെ എവിടെയോ നോക്കിയിരുന്നു. കുറേ തവണ പറഞ്ഞതിന് ശേഷം കുട്ടികൾ സീലെടുത്ത് കൊണ്ട് വന്നപ്പോൾ ‘നിൻ്റെ അപ്പൻ്റെ വകയാണോ സീൽ’ എന്ന് ചോദിച്ച് അപമാനിച്ചുവെന്നും ക്ലർക്കിനെതിരെ നടപടി വേണമെന്നും’ കുട്ടിയുടെ അമ്മാവൻ പറഞ്ഞു.
അധ്യാപകന്റെ വാഹനം വീടിനടുത്തുവച്ച് മറിഞ്ഞതായി 6-ാം ക്ലാസുകാരൻ കൂട്ടുകാരോട് പറഞ്ഞതിൽ പ്രകോപനം… അധ്യാപകൻ വിദ്യാർഥിയെ ചൂരൽ ഒടിയുന്നതുവരെ തല്ലി, വേദന സഹിക്കാതെ ഇറങ്ങിയോടിയ കുട്ടിയെ വിളിച്ചുവരുത്തി വീണ്ടും മർദ്ദിച്ചു- കേസ്
സംഭവത്തെക്കുറിച്ച് പ്രിൻസിപ്പലിനോട് സംസാരിച്ചെന്നും റെക്കോർഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടായെന്ന് പ്രിൻസിപ്പൽ പറഞ്ഞുവെന്നും അരുവിക്കര എംഎൽഎ ജി സ്റ്റീഫനും പറഞ്ഞു. ആർടിഒ സ്ഥലത്തെത്തി. ആരോപണങ്ങൾ പോലീസ് പരിശോധിക്കും. കൂടെയുണ്ടായിരുന്ന കുട്ടികളുടെ മൊഴിയടക്കം അധികൃതർ പരിശോധിക്കും. ബെൻസണിന്റെ റെക്കോർഡ് സീൽ ചെയ്തു കൊടുത്തില്ലെന്നാണ് പറയുന്നതെന്നും എംഎൽഎ വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്തെത്തി. ഓഫീസിൽ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും ക്ലർക്ക് ജെ സനലുമായി തർക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇക്കാര്യം അറിയിക്കാനാണ് താൻ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. ക്ലർകിനോട് ചോദിച്ചപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല. ഇന്നലെ രാത്രി വൈകി വാട്സ്ആപ്പിൽ ഇന്ന് അവധിയായിരിക്കുമെന്ന് ക്ലർക് മെസേജ് അയച്ച് അറിയിച്ചെന്നും പ്രിൻസിപ്പൽ പറഞ്ഞു.
സ്കൂളിൽ പബ്ലിക് എക്സാമിൻ്റെ ഭാഗമായുള്ള മോഡൽ എക്സാം നടക്കുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ പറയുന്നു. ഏതു കുട്ടിയുടെ റെക്കോർഡ് ആണ് സീൽ ചെയാൻ പോയത് എന്നു ചോദിച്ചപ്പോൾ മറ്റൊരു കുട്ടിയുടെയാണെന്നാണ് പറഞ്ഞത്. ഇന്നലെ പ്രശ്നത്തിന് ശേഷം കുട്ടിയുടെ റെക്കോർഡ് സൈൻ ചെയ്ത് സീൽ ചെയ്തു. ഇന്ന് ക്ലർക്ക് ലീവ് ആണെന്ന് ഇന്നലെ രാത്രി വാട്സ്ആഫ്പിൽ അറിയിച്ചു. സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു ഇന്ന്. ക്ലർക്കും കുട്ടിയും തമ്മിൽ തർക്കം ഉണ്ടായതായി കുട്ടിയാണ് തന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളാണ് താൻ കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് അറിയിച്ചത്. ക്ലർക്കിനോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല. ക്ലർക്കിനോട് വിശദീകരണം ചോദിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.