തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പുതുതായി ആരംഭിച്ചിരിക്കുന്ന നാലുവര്‍ഷ ബിരുദ കോഴ്‌സില്‍ പഠിപ്പിക്കുവാന്‍ ഗസ്റ്റ് അധ്യാപകരെ(അസിസ്റ്റന്റ് പ്രൊഫസ്സര്‍) തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യുബോര്‍ഡില്‍ സിന്‍ഡിക്കേറ്റ് സ്റ്റാഫ്കമ്മിറ്റി കണ്‍വീനറും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെ. എസ്.ഷിജുഖാന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടിക ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ് റദ്ദാക്കി.
ഇന്റര്‍വ്യു കമ്മിറ്റി ചെയര്‍മാനായി വിസി നിര്‍ദ്ദേശിച്ച സീനിയര്‍ വനിതാ പ്രൊഫസ്സറെ ഒഴിവാക്കിയാണ് സിണ്ടിക്കേറ്റ് ഷിജുഖാനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിയോഗിച്ചത്. യുജിസി നിബന്ധന പ്രകാരം വിസിയോ, സീനിയര്‍ പ്രൊഫസ്സര്‍ പദവിയിലുള്ള വി സി ചുമതലപ്പെടുത്തുന്ന അദ്ധ്യാപകനോ ആയിരിക്കണം ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചെയര്‍മാന്‍. സ്ഥിരം അധ്യാപക നിയമനത്തിനുള്ള എല്ലാ വ്യവസ്ഥകളും യോഗ്യതകളും ഗസ്റ്റ് നിയമനങ്ങളിലും പാലിക്കണമെന്ന് യുജിസി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ വിസിയ്ക്ക് പകരം പിവിസിയാണ് ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ ബോര്‍ഡില്‍ അധ്യക്ഷനാവുക. എന്നാല്‍ ഇപ്പോള്‍ പിവിസി പദവി ഒഴിഞ്ഞു കിടക്കുന്നതുകൊണ്ട് വിസി യോ വിസി ചുമതലപെടുത്തുന്ന സീനിയര്‍ പ്രൊഫസ്സറോ സംസ്ഥാനത്തെ മറ്റു സര്‍വ്വകലാശാലകളില്‍ അധ്യക്ഷം വഹിക്കുന്ന രീതി പിന്തുടരുമ്പോഴാണ് കേരള സര്‍വകലാശാലയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.
അനധ്യാപകരായ സിണ്ടിക്കേറ്റ് അംഗങ്ങള്‍ ഇന്റര്‍വ്യൂബോര്‍ഡില്‍ പങ്കെടുക്കുന്നത് യൂ ജി സി വിലക്കിയിട്ടുണ്ട്. യാതൊരു അധ്യാപനപരിചയമില്ലാത്ത ഒരാള്‍ അധ്യാപകരുടെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടാകുന്നത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷിജുഖാനെ വിദ്യാഭ്യാസ വിദഗ്ധന്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ ‘കേരള’ സിണ്ടിക്കേറ്റിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തത്. രാഷ്ട്രീയം മറയാക്കി അധ്യാപകരെ നിയമിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നിലെന്നും UGC ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഇന്റര്‍വ്യൂ തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
സിണ്ടിക്കേറ്റ്, റാങ്ക് പട്ടിക അംഗീകരിച്ചുവെങ്കിലും യുജസി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നുചൂണ്ടിക്കാട്ടി വിസി ഗവര്‍ണരുടെ അനുമതി തേടിയിരിക്കുകയാണ്. അതിനിടെയാണ് പട്ടിക റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. ഗസ്റ്റ് അധ്യാപക നിയമനത്തിന് 500 ഓളം പേരാണ് അപേക്ഷകരായുണ്ടായിരുന്നത്. നിയമിക്കപെടുന്നവര്‍ക്ക് നാലു വര്‍ഷ ബിരുദ കോഴ്‌സിന്റെ നിലവിലെ ബാച്ച് പൂര്‍ത്തിയാകുന്നത് വരെ തുടരാനാവും. ഗസ്റ്റ് അധ്യാപന പരിചയം ഭാവിയില്‍ റെഗുലര്‍ നിയമനത്തിനുള്ള മുന്‍പരിചയമായി കണക്കിലെടുക്കാനുമാവും.
ഇപ്പോള്‍ 16 ഒഴിവുകളി ലേയ്ക്കാണ് നിയമനമെങ്കിലും നാല് വര്‍ഷത്തിനുള്ളില്‍ 50 ഓളം പേരെ സര്‍വ്വകലാശാലയില്‍ നിയമിക്കേണ്ടിവരും. 75000 വരെ പ്രതിമാസം ശമ്പളമായി ലഭിക്കും.
കേരള സര്‍വകലാശാല ക്യാമ്പസില്‍ നേരിട്ട് നടത്തുന്ന ബിരുദ കോഴ്‌സിന്റെ പരീക്ഷകളുടെ നടത്തിപ്പിന്റെയും, ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന്റെയും, ഇന്റെണല്‍ മാര്‍ക്ക് നല്‍കുന്നതിന്റെയും, മൂല്യനിര്‍ണയത്തിന്റെയും പൂര്‍ണ്ണ ചുമതല പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്കാ യതുകൊണ്ട്, തങ്ങള്‍ക്ക് സ്വാധീനമുള്ളവരെ അധ്യാപകരായി നിയമിക്കുക എന്ന ലക്ഷ്യമാണ് ഡിവൈഎഫ്‌ഐ നേതാവിനെ ഇന്റര്‍വ്യൂകമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചതിനു പിന്നിലെന്നാണ് വിമര്‍ശനങ്ങള്‍.
യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അധ്യാപക സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് തയ്യാറാക്കിയ റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിണ്ടിക്കേറ്റ് അംഗം പി. എസ്. ഗോപകുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജിയിലാണ് കോടതി ഉത്തരവ്. UGC ചട്ടപ്രകാരം പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് വീണ്ടും ഇന്റര്‍വ്യൂ നടത്തി റാങ്ക് പട്ടികതയ്യാറാക്കാമെന്നും ഉത്തരവില്‍ പറയുന്നു.