കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ അക്രമകാരിയായ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ നിര്‍ദേശിച്ച് വനം മന്ത്രി എകെ ശശീന്ദ്രന്‍. ഇതേ തുടർന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ (SOP) പ്രകാരം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ, കൂടുവെച്ചോ പിടികൂടും. ഇത്തരം സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കാവുന്നതാണ്.
അതേസമയം വീണ്ടും വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ മരണത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് മരിച്ച രാധ. മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കാപ്പിക്കുരു പറിക്കുകയായിരുന്ന രാധയെ പതിയിരുന്ന കടുവ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ പിടിമുറുക്കിയ കടുവ ഇവരെ 100 മീറ്ററോളം വലിച്ചിഴച്ചു. തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. കാടിനുള്ളിലായിരുന്നു മൃതദേഹം. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്.
കാപ്പി പറിക്കാൻ പോകുന്നതിനിടെ കടുവ ആക്രമണം, വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യ മരിച്ചു, കൊന്നശേഷം മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോയി?
മാനന്തവാടി പോലീസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തെതുടർന്ന് മന്ത്രി ഒആര്‍ കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെയും ജനരോഷം ഉയർന്നതിനെ തുടർന്ന് ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്.
കടുവയെ വെടുവച്ചു കൊല്ലുന്നതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി എകെ ശശീന്ദ്രൻ നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാടകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.