മുംബൈ: മോഷണക്കേസിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുകയ്ക്കായി നവജാതശിശുവിനെ വിറ്റ കേസിൽ ദാദർ സ്വദേശിയായ അമ്മ ഉൾപ്പെടെ 9 അംഗ സംഘത്തെ മാട്ടുംഗ പൊലീസ് അറസ്റ്റ് ചെയ്തു. മരുമകൾ മനീഷ യാദവ് (32) മൂന്നുമാസം പ്രായമുള്ള നവജാതശിശുവിനെ ബെംഗളൂരുവിലുള്ള സംഘത്തിനു വിറ്റെന്ന് കാട്ടി ഭർതൃ മാതാവ് പ്രമീള പവാറാണ് മാട്ടുംഗ പൊലീസിൽ പരാതി നൽകിയത്.
മോഷണക്കേസിൽ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത് ബൈക്കുള ജയിലിൽ കഴിയുന്ന ഭർത്താവിനെ കാണാൻ ചെന്നപ്പോഴാണ് ജാമ്യത്തുകയുടെ ആവശ്യകതയെക്കുറിച്ച് യുവതിയുമായി സംസാരിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേത്തുടർന്നാണ് പണം സ്വരൂപിക്കുന്നതിനായി കുഞ്ഞിനെ വിൽക്കാൻ യുവതി തീരുമാനിച്ചത്.
കുഞ്ഞിനെ വിറ്റതിൽ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ കൈപ്പറ്റിയതായി അമ്മ സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന്, കർണാടകയിലെ കാർവാറിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. അറസ്റ്റിലായവരിൽ നഴ്സും കല്യാണ ബ്രോക്കർമാരും ഉൾപ്പെടെയുണ്ടെന്നും വൻ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് സൂചനയെന്നും പൊലീസ് പറഞ്ഞു.
താരാരാധന ഇല്ലാതാക്കിയത് ഒരു കുടുംബത്തിലെ രണ്ടു ജീവനുകളെ, അമ്മയ്ക്ക് പിന്നാലെ മകനും… പുഷ്പ2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടിയെ 4 ലക്ഷം രൂപയ്ക്കാണ് വിറ്റത്. അതിൽ 1.5 ലക്ഷം രൂപ അമ്മയ്ക്കും ബാക്കി ഇടനിലക്കാർക്കുമാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ പിന്നീട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.