ബെംഗളൂരു: സംവിധായകന് രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ വഴിത്തിരിവ്. സംവിധായകനെതിരെ പരാതിക്കാരനുന്നയിച്ചതെല്ലാം വ്യാജമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ഇതോടെ പരാതിക്കാരനെതിരേ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എം. നാഗപ്രസന്ന പരാതിക്കാരനെതിരേ വിമര്‍ശനമുന്നയിച്ചത്. കേസിന്റെ അന്വേഷണവും തുടര്‍നടപടികളും സ്റ്റേ ചെയ്തുള്ള ഇടക്കാല ഉത്തരവും ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു.
യുവാവ് പറയുന്നത് 2012-ല്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി രഞ്ജിത് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നുവെന്നാണ്. എന്നാല്‍, വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2016-ലാണെന്നും ഈ വിവരം എല്ലാവര്ക്കും ലഭ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ താജ് ഹോട്ടലില്‍ നടന്ന സംഭവങ്ങളെന്ന് പറയുന്നത് തീര്‍ത്തും കള്ളമാണെന്നും കോടതിയുടെ വിലയിരുത്തൽ. മാത്രമല്ല, 2012-ല്‍ നടന്ന സംഭവത്തില്‍ 2024-ലാണ് പരാതി നല്‍കിയത്. പരാതി നല്കാന് ഇത്രയും താമസമുണ്ടായതിന് വിശദീകരണം നല്‍കാനായില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇതോടെ രഞ്ജിത്തിന്റെ ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ പീഡനക്കേസിലെ തുടര്‍നടപടികളെല്ലാം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കേസ് ഇനി 2025 ജനുവരി 17-ന് പരിഗണിക്കും.