മുംബൈ: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങി. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം മുന്നില്‍. മഹാരാഷ്ട്രയില്‍ ലീഡ് നില പുറത്ത് വന്ന 259 സീറ്റുകളില്‍ 165 ഇടത്ത് എന്‍ഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എന്‍ഡിഎ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിലേക്ക് എത്തി. ഇന്ത്യാ സഖ്യം 83 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ജാര്‍ഖണ്ഡിലും കേവല ഭൂരിപക്ഷത്തിലേക്ക് എന്‍ഡിഎ എത്തി. ലീഡ് നില പുറത്ത് വന്നു തുടങ്ങുമ്പോള്‍ എന്‍ഡിഎ 44 സീറ്റുകളിലാണ് എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. ഇന്ത്യാ സഖ്യം 29 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍.
മഹാരാഷ്ട്രയില്‍ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
ഇതുവരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മഹാരാഷ്ട്രയില്‍ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരും മുന്നിലാണ്. ബാരാമതിയില്‍ അജിതിനെതിരെ നിര്‍ത്തിയ ശരദ് പവാര്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ഥി യുഗേന്ദ്ര പവാര്‍ പിന്നിലായി. 288 സീറ്റുകളാണ് സംസ്ഥാനത്ത്. മഹാരാഷ്ട്രയില്‍ പ്രധാന നേതാക്കള്‍ക്കെല്ലാം ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തിലാകും പലപാര്‍ട്ടികളുടേയും ഭാവി. ഉപതിരഞ്ഞെടുപ്പു നടന്ന നാന്ദേഡ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടും ഇതോടൊപ്പം എണ്ണും.
ജാര്‍ഖണ്ഡില്‍ 81 സീറ്റുകളിലാണ് മത്സരം. പ്രമുഖ നേതാക്കളെല്ലാം ആദ്യ ഘട്ടത്തില്‍ ലീഡ് നേടി. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്‍പന സോറന്‍, മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ചംപയ് സോറന്‍ എന്നിവര്‍ മുന്നിലാണ്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാന്‍ഡി ധന്‍വാറില്‍ പിന്നിലായി. നഗരങ്ങളിലും ചെറുനഗരങ്ങളിലും മുന്‍തൂക്കം എന്‍ഡിഎയ്ക്കാണ്.