കാലുവേദനയുമായെത്തിയ യുവതിയെ റഫർ ചെയ്തത് മാനസികാസ്വാസ്ഥ്യ വിഭാ​ഗത്തിലേക്ക്; യുവതിക്ക് ജിബിഎസ് രോ​ഗമെന്ന് തിരിച്ചറിഞ്ഞ് മറ്റൊരു ഡോക്ട‌ർ; കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സ ലഭിക്കാതെ രോ​ഗി മരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളെജിൽ യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടർന്നെന്ന് ബന്ധുക്കളുടെ പരാതി. പേരാമ്പ്ര കൂത്താളി പൈതോത്ത് കേളൻ മുക്കിലെ കാപ്പുമ്മൽ ഗിരീഷിന്റെ ഭാര്യ രജനി (37) ആണു മരിച്ചത്. കടുത്ത കാലുവേദനയെ തുടർന്ന് ഈ മാസം നാലിനാണ് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ രജനി ചികിത്സ തേടിയത്. എന്നാൽ യുവതിയെ ആദ്യം പരിശോധിച്ച ഡോക്ടർമാർ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് മാനസിക വിഭാഗത്തിൽ ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.

എന്നാൽ വാർഡിൽ രോഗികളെ പരിശോധിക്കാനെത്തിയ മറ്റൊരു ഡോക്ടർ ഇവരുടെ കേസ് ഷീറ്റ് കാണാനിടയാവുകയും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചതിൽ നിന്നും യുവതിയെ ഡോക്ടർ ന്യൂറോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. അപ്പോഴേക്കും രോഗം മൂർച്ഛിച്ച യുവതിയെ അത്യാഹിത വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. ഞരമ്പുകളിൽ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജിബിഎസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തിൽ ചികിത്സ നൽകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ എട്ടാം തിയതി മുതൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ യുവതി ഇന്നു പുലർച്ചെ 5 മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ പേരാമ്പ്ര പൊലീസിന് കുടുംബം പരാതി നൽകി. മക്കൾ: അഭിഷേക് കൃഷ്ണ, അഭിനവ് കൃഷ്ണ, അഭിനന്ദ് കൃഷ്ണ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7