തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 30 വർഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ സ്പെഷൽ കോടതി. ചിറയിൻകീഴ് ശാർക്കര സ്വദേശി സുജിത്തിനെയാണ് (26) ജഡ്ജി സി.ആർ. ബിജു കുമാർ ശിക്ഷിച്ചത്. പിഴയായി ഈടാക്കുന്ന 5.75 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി 23 മാസം അധിക തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.
അതേസമയം പെൺകുട്ടിയുടെ മാതാവിനെ ഉറക്കഗുളികകൾ നൽകി മയക്കിയ ശേഷമായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം. പീഡനത്തിനു ശേഷം വിവാഹ വാഗ്ദാനം നൽകി വർക്കലയിലെ റിസോർട്ടിൽ കൊണ്ടുപോയും നിരവധി തവണ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. വിദ്യാർഥിനിയുടെ ഫോൺ ബന്ധു പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ബന്ധുക്കൾ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.


















































