പത്താൻകോട്: ഇന്ത്യയിൽനിന്നും രഹസ്യവിവരങ്ങൾ ചോർത്തുന്നതിനായി 15 വയസുള്ള കുട്ടിയെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി (ഐഎസ്‌ഐ) ചാരനാക്കിയെന്ന് പഞ്ചാബ് പോലീസിന്റെ കണ്ടെത്തൽ. ചാരപ്രവർത്തനം നടത്തിയതിനു കഴിഞ്ഞ ദിവസമാണ് പഞ്ചാബ് പോലീസ് 15 വയസുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി കുട്ടി പാക്കിസ്ഥാനിലേക്ക് വിവരങ്ങൾ കൈമാറിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ജമ്മുവിലെ സാംബ ജില്ലയിൽ താമസിക്കുന്ന 15കാരൻ മൊബൈൽ ഫോണിലൂടെയാണ് വിവരങ്ങൾ കൈമാറിയത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ തനിക്കൊപ്പം കൂടുതൽ പേരുള്ളതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതോടെ പ്രായപൂർത്തിയാവാത്ത കൂടുതൽ കുട്ടികളെ ഐഎസ്‌ഐ ഇരയാക്കിയിട്ടുണ്ടോ എന്നും സംശയമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പത്താൻകോട് പോലീസ് സൂപ്രണ്ട് ദൽജീന്ദർ സിങ് ദിലൻ പറഞ്ഞു.
















































