കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻറെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ഗതാഗത തടസം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ ഒരുക്കി പോലീസ് ആംബുലൻസിന് വഴിയൊരുക്കും. അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ഗതാഗതം സജ്ജീകരിച്ചിരിക്കുന്നത്.
ദിവസങ്ങൾക്കുംൃ മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുമ്പോൾ വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന ആലിൻ പിന്നീട് ഉണർന്നതേയില്ല. എല്ലാവരെയും വേദനയിലാഴ്ത്തി ആ കുരുന്ന് കടന്നുപോയി. പ്രിയപ്പെട്ടവൾ എന്നെന്നേക്കുമായി വേർപിരിഞ്ഞെങ്കിലും അവളെ പൂർണമായി വിട്ടുകൊടുക്കാൻ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ആ മാതാപിതാക്കൾക്കായില്ല. അവയവ ദാനത്തിലൂടെ അവൾ ജീവിക്കും അഞ്ചുപേരിലൂടെയായി. 10 മാസം പ്രായമുള്ള ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രത്തിൽ ഇടംനേടി.
രണ്ടു വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്കും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാൽവ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. കൊച്ചി അമൃത ആശുപത്രിയിലെ ശസ്ത്രക്രിയ വൈകിട്ട് ആറരയോടെ പൂർത്തിയായി. അതിനുശേഷം അവയവങ്ങൾ റോഡു മാർഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അവയവങ്ങൾ കൊണ്ടുപോകുന്നത് KL 07 DF 3177 എന്ന നമ്പരിലുള്ള ആംബുലൻസിൽ. ഇന്നു രാത്രി തന്നെ അവയവമാറ്റ ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടർമാർ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ആറു മാസം പ്രായമുള്ള പെൺകുഞ്ഞിനാണ് കരൾ മാറ്റിവയ്ക്കുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പത്തുവയസു പ്രായമുള്ള പെൺകുട്ടിക്ക് രണ്ടു വൃക്കകളും നൽകും.









































