ഹരിപ്പാട്: ഹരിപ്പാട് ചിങ്ങോലിയിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിതകർമസേനാംഗങ്ങൾക്ക് സ്വർണ മോതിരങ്ങൾ ലഭിച്ചു. തങ്ങൾക്ക് ലഭിച്ച രണ്ട് പവനോളം തൂക്കമുള്ള സ്വർണ മോതിരങ്ങൾ ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ്മസേനാംഗങ്ങൾ മാതൃകയായി. ചിങ്ങോലി പോക്കാട്ട് കമലമ്മയുടെ വീട്ടിൽനിന്ന് പ്ലാസ്റ്റിക് എടുക്കുന്നതിനിടെയാണ് ഈ സംഭവം.
ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഹരിതകർമസേനാംഗങ്ങളായ ബിന്ദു, ബീന എന്നിവർക്കാണ് പ്ലാസ്റ്റിക് ശേഖരണത്തിനിടെ സ്വർണ മോതിരങ്ങൾ ലഭിച്ചത്. ഉടനെ ഇവർ ഈ വിവരം വിഐഒ അജിത്തിനെ അറിയിച്ചു. തുടർന്ന് ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സുബി സുധാകരൻ, അംഗങ്ങളായ സരിത ജയപ്രകാശ്, മീനാകുമാരി, എച്ച്.എസ്.ഐ ഹരിപ്രസാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബിന്ദുവും ബീനയും ചേർന്നു. മോതിരങ്ങൾ ഉടമയായ കമലമ്മയെ ഏൽപ്പിച്ചു.

















































