ഭോപ്പാൽ: രക്ഷാബന്ധൻ ആഘോഷിക്കാൻ ബന്ധുക്കൾക്ക് സമ്മാനങ്ങളുമായി ട്രെയിനിൽ കയറി യുവതി. ഇറങ്ങേണ്ട സ്ഥലത്ത് എത്തിയത് ബാഗുകളും സമ്മാനങ്ങളും മാത്രം. ട്രെയിനിൽ നിന്ന് കാണാതായ 29കാരിക്കായി തെരച്ചിൽ ഊർജ്ജിതം. മധ്യപ്രദേശിലാണ് സംഭവം. നർമ്മദ എക്സ്പ്രസിൽ വീട്ടിലേക്ക് പുറപ്പെട്ട അർച്ചന തിവാരി എന്ന 29കാരിയെയാണ് ഓഗസ്റ്റ് ആറു മുതൽ കാണാതായത്.
നർമ്മദ എക്സ്പ്രസിലെ ബി 3 കോച്ചിൽ മൂന്നാം ബർത്തിൽ അർച്ചന ബോർഡ് ചെയ്തതായി ടിടിയും സഹയാത്രികരും വിശദമാക്കുന്നത്. എന്നാൽ മധ്യപ്രദേശിലെ കട്നി സൗത്ത് സ്റ്റേഷനിൽ ഓഗസ്റ്റ് ആറിന് ട്രെയിൻ എത്തുമ്പോൾ യുവതിയുടെ ബാഗ് മാത്രമായിരുന്നു സീറ്റിലുണ്ടായിരുന്നത്. രക്ഷാബന്ധൻ ചടങ്ങിനായുള്ള രാഖികളും കുട്ടികൾക്കും ബന്ധുക്കൾക്കുമുള്ള സമ്മാനങ്ങളുമാണ് അർച്ചനയുടെ സീറ്റിലുണ്ടായിരുന്ന ബാഗിലുണ്ടായിരുന്നത്. വീട്ടിലേക്കുള്ള 12 മണിക്കൂർ യാത്രയ്ക്കിടെ അർച്ചനയ്ക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്താൻ വിവിധ സംസ്ഥാനങ്ങളിലേക്ക് തെരച്ചിൽ ദീർഘിപ്പിച്ചിരിക്കുകയാണ് പൊലീസ്.
മകളെ കാണാതായി രണ്ട് ആഴ്ചകൾക്ക് ശേഷവും മറ്റ് വിവരങ്ങൾ ഇല്ലാത്തതിനാൽ കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് അർച്ചനയുടെ കുടുംബം ആവശ്യപ്പെടുന്നത്. മധ്യപ്രദേശ് ഹൈക്കോടതിയിലെ ഇൻഡോർ ബെഞ്ചിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് അർച്ചന. ഇൻഡോറിലെ ഹോസ്റ്റലിൽ താമസിച്ച് സിവിൽ ജഡ്ജ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അർച്ചന. രക്ഷാബന്ധൻ ചടങ്ങിന് അഞ്ച് ദിവസം മുൻപാണ് അർച്ചന ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്.
നർമ്മദ എക്സ്പ്രസിൽ കയറിയ ശേഷം രാത്രി 10.16ഓടെ വീട്ടിലേക്ക് വിളിച്ച് ഭോപ്പാലിന് സമീപത്ത് എത്തിയതായി അർച്ചന പറഞ്ഞിരുന്നു. ഇതിന് ശേഷം യുവതിയേക്കുറിച്ച് ഒരു വിവരവുമില്ല. പിറ്റേന്ന് പുലർച്ചെയാണ് ട്രെയിൻ കട്നി സൗത്ത് സ്റ്റേഷനിലെത്തിയത്. മകളെ കാത്ത് പ്ലാറ്റ്ഫോമിൽ ബന്ധുക്കൾ നിന്നെങ്കിലും അർച്ചന ഇറങ്ങിയില്ല. ഇറ്റരാസി സ്റ്റേഷന് സമീപമാണ് അർച്ചനയുടെ ഫോണിന്റെ അവസാനമായി ലഭിച്ച ലൊക്കേഷൻ. തട്ടിക്കൊണ്ട് പോകാനുള്ള സാധ്യതകളും യുവതി സ്വമേധയാ ഇറങ്ങിപ്പോകാനുള്ള സാധ്യകളും അടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്.