ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ട്രംപിന്റെ അവകാശവാദത്തിൽ കൃത്യമായ മറുപടി നൽകാതെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ . അദ്ദേഹം ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ, റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച് ചോദ്യമുയർന്നെങ്കിലും വ്യക്തമായ മറുപടി നൽകിയില്ല.
140 കോടി ഇന്ത്യക്കാരുടെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് സർക്കാർ തന്നെ നിരവധി തവണ പ്രസ്താവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണി നിലവാരവും അനുസരിച്ച് ഊർജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും ഇതിനനുസരിച്ചാണ്. അത് അങ്ങനെ തന്നെയായിരിക്കും. വെനസ്വേലയുമായി ഇന്ത്യക്ക് ദീർഘകാലമായി പങ്കാളിത്തമുണ്ട്. ലാഭകരമാണെങ്കിൽ അവിടെ നിന്നോ മറ്റുസ്ഥലങ്ങളിൽ നിന്നോ എണ്ണ വാങ്ങാൻ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യവക്താവ് പറഞ്ഞു.
2019-20 വരെ വെനസ്വേലയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അതിനുശേഷം അത് നിർത്തേണ്ടിവന്നു. 2023-24ൽ വെനസ്വേലൻ എണ്ണ ഇറക്കുമതി പുനരാംരംഭിച്ചു. പക്ഷേ, വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാൽ അതും നിർത്തി. വെനസ്വേല ഉൾപ്പെടെ
ഏതുരാജ്യത്തുനിന്നുമുള്ള എണ്ണ വിതരണത്തിന്റെ വാണിജ്യനേട്ടങ്ങൾ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാനിൽ തടവിലുള്ള 16 ഇന്ത്യൻ നാവികരിൽ എട്ടുപേരെ ഇറാൻ വിട്ടയച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇവർ ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നും ശേഷിക്കുന്ന എട്ടുപേരുടെ മോചനം സംബന്ധിച്ച് ഇറാൻ അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായാണ് റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യുഎസുമായുള്ള വ്യാപാരക്കരാർ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ഥിരീകരിച്ചു. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമോ എന്നതിൽ പ്രധാനമന്ത്രിയോ സർക്കാരോ വ്യക്തത നൽകിയില്ല. അതേസമയം, എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റഷ്യയുടെ പ്രതികരിക്കുകയുണ്ടായി.













































