സനാ: യെമനില്‍ ഹൂതികളുടെ നിയന്ത്രിത മേഖലയിലുള്ള ജയിലില്‍ വധശിക്ഷയുടെ വാള്‍ തലയ്ക്കുമുകളില്‍ നിര്‍ത്തി മരിച്ചു ജീവിക്കുന്ന നിമിഷ പ്രിയയ്ക്കു നേരിയ പ്രതീക്ഷ. മൂന്നുവട്ടം ചര്‍ച്ചകള്‍ നടന്നെന്നും കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബവുമായി അടുത്തബന്ധമുള്ളയാള്‍ ക്ഷമിക്കാന്‍ തയാറായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, എന്തൊക്കെയാണു ബന്ധുക്കള്‍ അംഗീകരിച്ചതെന്നതിലും വ്യക്തതയില്ല. ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍, വിവരങ്ങള്‍ വളരെ സെന്‍സിറ്റീവ് ആണെന്നും പുറത്തു ചര്‍ച്ചചെയ്യാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ്. കുടുംബത്തില്‍നിന്ന് അവസാനമായി മാപ്പ് എഴുതി ലഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നതെന്നും പറയുന്നു.
കൊല്ലപ്പെട്ട തലാല്‍ അബ്‌ദോ മഹ്ദിയുടെ കുടുംബവുമായി ഹൂതി അധികൃതര്‍ ബന്ധപ്പെടുമെന്നും അവര്‍ അനുമതി നല്‍കിയാല്‍ അപ്പോള്‍തന്നെ തൂക്കിലേറ്റുമെന്നും നിമിഷ പ്രിയയുടെ അമ്മയ്ക്കുവേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സാമുവല്‍ ജെറോം പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോള്‍ നേരിയ പ്രതീക്ഷയുണ്ട്. അവസാന സമ്മതം അറിയിക്കുന്നതില്‍ മഹ്ദിയുടെ കുടുംബം സമയമെടുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചര്‍ച്ചകള്‍ക്കു കൂടുതല്‍ സമയം ലഭിച്ചേക്കും. എന്നാല്‍, ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ പണത്തിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് അഹിയുന്നത്. പണം നല്‍കിയതിലെ കാലാതാമസമാണ് ചര്‍ച്ചകള്‍ കുഴപ്പത്തിലാക്കിയതെന്നും ഇവര്‍ പറയുന്നു. രണ്ട് ഇന്‍സ്റ്റാള്‍മെന്റുകളിലായി 40,000 ഡോളറാണ് കൈമാറിയത്.
പ്രസിഡന്റ് വധശിക്ഷയില്‍ ഒപ്പിട്ടെങ്കിലും എപ്പോള്‍ നടപ്പാക്കണമെന്നതു വ്യക്തമല്ല. കുടുംബം അനുമതി നല്‍കിയാല്‍ ശിക്ഷ നടപ്പാക്കും. ബ്ലഡ് മണി സ്വീകരിക്കാന്‍ മഹ്ദിയുടെ കുടുംബത്തിനൊപ്പം ഗോത്രവര്‍ഗ നേതാക്കളും സമ്മതിക്കേണ്ടിവരും. നിമിഷയ്ക്കായി രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റ് പണവും നല്‍കിയിട്ടുണ്ടെന്നു ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ സുഭാഷ് ചന്ദ്ര പറഞ്ഞു. ഡിസംബര്‍ 27ന് പണം നല്‍കി. ഇതൊരു ജീവിതത്തിന്റെ പ്രശ്‌നമാണ്. എന്നാല്‍, വിഷയത്തില്‍ തത്സമയം വിവരങ്ങള്‍ ലഭിക്കുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഇവിടെ എംബസി ഇല്ലെന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നത്. പ്രേമകുമാരിയമ്മ യെമനില്‍ തുടരുന്നതിലും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്. അവര്‍ക്കു ഇരയുടെ കുടുംബവുമായി സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണു തുടരുന്നതെന്നാണു ചോദ്യം. മകളുമായി മടങ്ങിയെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും പ്രേമകുമാരിയമ്മ. എട്ടുമാസമായി ഇവര്‍ യെമനിലുണ്ട്. കുഴപ്പമില്ലെന്നാണു മകള്‍ കാണുമ്പോഴൊക്കെ പറയുന്നതെന്നും ഇവര്‍ പറഞ്ഞു.