ന്യൂഡൽഹി: പാചകവാതക ലഭ്യത പ്രതിസന്ധിയിലായി തുടരുന്നതിനിടെ പെട്രോൾ വിലയും വർധിക്കുന്നു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ കമ്പനികൾ 2.09 രൂപ മുതൽ 2.35 രൂപവരെയാണ് പ്രീമിയം പെട്രോളിന് വില കൂട്ടിയത്. വെള്ളിയാഴ്ചതന്നെ പുതുക്കിയ വില നിലവിൽവരും. എന്നാൽ, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല.
പ്രീമിയം പെട്രോളിന് വിലവർധിപ്പിക്കുന്നതിനെ സംബന്ധിച്ച വിശദീകരണം കമ്പനികൾ നല്കിയിട്ടില്ല. എന്നാൽ, ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റവും ചരക്ക് ഗതാഗത ചെലവിലുണ്ടാകുന്ന വർധനയുമാണ് വിലവർധനവിന് ഇടയാക്കുന്നതെന്നാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ നീക്കം അനിശ്ചിതത്വത്തിലായത് ആഗോള ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വരുംദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ വിലയിലും വർധനയ്ക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടുണ്ട്.














































