ടെഹ്‌റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തീവ്ര സംഘർഷം തുടരുന്നതിനിടെ പരസ്പരം ഭീഷണികൾ മുഴക്കി യുഎസും ഇറാനും. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണയുടെ ഒഴുക്ക് തടയുന്ന തരത്തിൽ ഇറാൻ എന്തെങ്കിലും ചെയ്താൽ ഇപ്പോഴുള്ളതിനേക്കാൾ ഇരുപത് മടങ്ങ് ശക്തിയോടെ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ ട്രംപിനുനേരെ ഭീഷണിമുഴക്കി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി അലി ലാരിജാനിയും രംഗത്തെത്തി.
‘ഇറാൻ നിങ്ങളുടെ പൊള്ളയായ ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളേക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിയില്ല. ഇല്ലാതാക്കപ്പെടാതിരിക്കാൻ സ്വയം ശ്രദ്ധിക്കുക’ അദ്ദേഹം എക്‌സിലൂടെ ട്രംപിന് മറുപടി നൽകി. ഹോർമുസ് കടലിടുക്ക് ഒന്നുകിൽ എല്ലാവർക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും കടലിടുക്കായിരിക്കും അല്ലെങ്കിൽ യുദ്ധക്കൊതിയന്മാർക്ക് പരാജയത്തിന്റെയും കഷ്ടപ്പാടിന്റെയും കടലിടുക്കായിരിക്കുമെന്നും ലാരിജാനി പറഞ്ഞു.
പിന്നാലെ ഇന്ന് യുഎസ് ഇറാനിൽ ഇതുവരെയുള്ളതിൽ ഏറ്റവും തീവ്രമായ ആക്രമണം നടത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇറാനെതിരായ പോരാട്ടത്തിൽ അമേരിക്ക വിജയിക്കുകയാണെന്നും പറഞ്ഞ ഹെഗ്‌സെത്ത് യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് വ്യക്തമാക്കാൻ വിസമ്മതിച്ചു, തീരുമാനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ടെഹ്റാന്റെ മിസൈൽ ശേഷികൾ നിർവീര്യമാക്കുക, അവരുടെ നാവികസേനയെ നശിപ്പിക്കുക, ആണവായുധമെന്ന ഇറാന്റെ സ്വപ്നം എന്നെന്നേക്കുമായി നിഷേധിക്കുക എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങളിലാണ് യുഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹെഗ്സെത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ശത്രുവിനെ പൂർണ്ണമായും നിർണ്ണായകമായും പരാജയപ്പെടുത്തുന്നതുവരെ ഞങ്ങൾ പിന്മാറില്ല’ എന്നും ഹെഗ്സെത്ത് പറഞ്ഞു.
ഇറാനിൽ ഏറ്റവും തീവ്രമായ ആക്രമണങ്ങളാണ് വരാനിരിക്കുന്നത്. ഏറ്റവും കൂടുതൽ പോരാളികൾ, ഏറ്റവും കൂടുതൽ ബോംബറുകൾ, ഏറ്റവും കൂടുതൽ ആക്രമണങ്ങൾ പ്രതീക്ഷിച്ചിരുന്നോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













































