ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ സൂപ്പര്‍താരം വിരാട് കോലിക്ക് സെഞ്ചറി നഷ്ടമായതിന്റെ നിരാശയില്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന കെ.എല്‍. രാഹുലും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും നടത്തിയ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഒരുവശത്ത് ശ്രദ്ധയോടെ കളിച്ചുമുന്നേറിയ കോലി, ഒരുനിമിഷത്തെ തോന്നലില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായതാണ് ഇരുവരെയും നിരാശരാക്കിയത്. കോലിയുടെ ശ്രദ്ധയോടെയുള്ള ബാറ്റിങ്ങിന് ഭംഗം വരാതിരിക്കാന്‍, മറുവശത്ത് കെ.എല്‍. രാഹുല്‍ പതിവിനു വിപരീതമായി ആക്രമണോത്സുകതയോടെ കളിക്കുമ്പോഴായിരുന്നു കോലിയുടെ അനാവശ്യ ഷോട്ടും ഔട്ടും
കോലിയുടെ അനാവശ്യ ഷോട്ടിനോടുള്ള നീരസം പ്രകടിപ്പിച്ച്, ‘ഞാന്‍ അടിക്കുമായിരുന്നില്ലേ’ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. കോലി പുറത്തായി മടങ്ങുമ്പോള്‍ത്തന്നെയായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം. സാംപയ്ക്കെതിരെ സിക്‌സര്‍ നേടി രാഹുല്‍ സമ്മര്‍ദ്ദം അയച്ചതിനു പിന്നാലെയായിരുന്നു കോലിയുടെ ഷോട്ട്.
ഇതേസമയം ഡഗ്ഔട്ടില്‍ വിരാട് കോലിയുടെ വിക്കറ്റ് കണ്ട് സമാനമായ രീതിയിലുള്ള ഗൗതം ഗംഭീറിന്റെ പ്രതികരണവും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘രാഹുല്‍ അടിക്കുന്നുണ്ടായിരുന്നല്ലോ’ എന്നായിരുന്നു ഗംഭീറിന്റെ വാക്കുകള്‍. ഒരുവശത്ത് രാഹുല്‍ യഥേഷ്ടം ബൗണ്ടറികള്‍ കണ്ടെത്തുമ്പോള്‍, അത്തരമൊരു ഷോട്ടിന് ശ്രമിക്കേണ്ട ആവശ്യം കോലിക്കുണ്ടായിരുന്നോ എന്നുതന്നെ ചോദ്യത്തിന്റെ അര്‍ഥം. പിന്നീട് കോലി പുറത്തായ ഷോട്ടിനെക്കുറിച്ച് ഡഗ്ഔട്ടില്‍ ഗംഭീറുമായി താരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ജയിച്ചുകയറിയെങ്കിലും, സൂപ്പര്‍താരം വിരാട് കോലിക്ക് സെഞ്ചറി നഷ്ടമായത് ഇന്ത്യന്‍ ആരാധകരെയും നിരാശരാക്കിയിരുന്നു. ഓപ്പണര്‍മാര്‍ കയ്യൊഴിഞ്ഞിട്ടും, ഒരു വശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞിട്ടും പിടിച്ചുനിന്ന് കളിച്ച കോലിയാണ് ഒരിക്കല്‍ക്കൂടി ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.
മത്സരത്തിലാകെ 98 പന്തുകള്‍ നേരിട്ട കോലി അഞ്ച് ഫോറുകള്‍ സഹിതം 84 റണ്‍സെടുത്താണ് പുറത്തായത്. അര്‍ഹിച്ച സെഞ്ചറിയിലേക്കുള്ള കുതിപ്പിനിടെ, ആദം സാംപയുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച കോലിയെ ബെന്‍ ഡ്വാര്‍ഷിയൂസാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. നാലു വിക്കറ്റ് വിജയത്തോടെ ഇന്ത്യ ഫൈനലില്‍ കടന്നപ്പോള്‍, മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയതും കോലി തന്നെ.