ലാഹോർ : പാക്കിസ്ഥാനിൽ ആക്രമണം നടത്തിയാൽ ഇന്ത്യ വൻ വില കൊടുക്കേണ്ടിവരുമെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി. പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ ഇന്ത്യ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നതായാണ് ഞങ്ങൾക്ക് കിട്ടുന്ന വിവരമെന്നും അങ്ങനെയുണ്ടായാൽ ഇന്ത്യയെക്കൊണ്ട് മറുപടി പറയിക്കുമെന്നുമാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചിരിക്കുന്നത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ഇതിൽ ഒരു പങ്കുമില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. ‘‘നിരായുധരായ സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഞങ്ങളുടെ നയമല്ല. പാക്കിസ്ഥാന് ഇതിൽ പങ്കില്ല. ഇന്ത്യയിൽ മൗലികാവകാശം പോലും നിഷേധിക്കപ്പെടുന്ന ജനങ്ങൾ സർക്കാരിന്റയോ പൊലീസിന്റെയോ അതിക്രമങ്ങൾക്കെതിരെ ആയുധമെടുത്താൽ അതിന് പാക്കിസ്ഥാനെ പഴിചാരാൻ എളുപ്പമാണ്’’– ഖ്വാജ ആസിഫ് പറഞ്ഞു.
ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ പാക്കിസ്ഥാനും നിലപാട് കടുപ്പിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണു പാക്കിസ്ഥാൻ പ്രതിരോധമന്ത്രിയുടെ ഭീഷണി പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ രക്ഷിക്കാൻ സേന സജ്ജമാണെന്നു പ്രഖ്യാപിച്ച പാക്കിസ്ഥാൻ നിലവിൽ അതിർത്തികളിൽ സുരക്ഷാവിന്യാസം കൂട്ടിയിട്ടുണ്ട്. ഇതിന് പിന്നാലെ സെൻട്രൽ സെക്ടറിൽ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ മറുപടിയും നൽകിയിരുന്നു.
Pakistan’s Defense Minister issues a strong warning to India: Heightened tensions between the two nuclear-armed nations have led to increased military preparedness and border security.