കേരളത്തിന് അടുത്ത മൂന്നുദിവസത്തിനുള്ളില്‍ 1,84,070 ഡോസ് കോവിഡ് വാക്‌സിന്‍ കൂടി

ന്യൂഡല്‍ഹി: കേരളത്തിന് അടുത്ത മൂന്നുദിവസത്തിനുള്ളില്‍ 1,84,070 ഡോസ് കോവിഡ് വാക്‌സിന്‍ കൂടി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നു രാവിലെ എട്ടുമണിക്ക് എടുത്ത കണക്കു പ്രകാരം 43,852 ഡോസ് വാക്‌സിന്‍ കേരളത്തിന്റെ പക്കലുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അടുത്ത മൂന്നുദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 53.25 ലക്ഷം ഡോസ് കൂടി കേന്ദ്രം നല്‍കും. ഇതുവരെ 17.49 കോടി ഡോസ് വാക്‌സിനാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയിട്ടുള്ളത്.

അതേസമയം, രാജ്യത്തെ പ്രതിദിന കോവിഡ് മരണം നാലായിരം കടന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായി മൂന്നാംദിവസവും നാലുലക്ഷം കടന്നിട്ടുണ്ട്. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം പ്രതിദിന മരണസംഖ്യ നാലായിരം കടന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മാത്രം 4187 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് നിലവില്‍ കോവിഡ് വ്യാപനം കൂടുന്നത്. നേരത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്ന ഡല്‍ഹിയിലും മഹാരാഷ്ട്രയിലും സ്ഥിതി അല്‍പം ആശ്വാസകരമാണ്.

ഡല്‍ഹിയില്‍ വീണ്ടും ലോക്ഡൗണ്‍ നീട്ടിയേക്കും. ആവശ്യത്തിന് വാക്‌സിന്‍ ലഭിച്ചാല്‍ മൂന്നുമാസത്തിനുള്ളില്‍ 18 വയസ്സു കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ കുത്തിവെപ്പ് നടത്താന്‍ കഴിയുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular