ശബരിമല തന്ത്രവുമായി ഇടത് സ്ഥാനാര്‍ത്ഥി; പാലക്കാട് ഇടത് കോട്ട പൊളിയുമെന്ന് ആശങ്ക; ഗതികെട്ട് എം.ബി രാജഷും ‘ശബരിമലയില്‍’

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന്‍ പാലക്കാട് അട്ടിമറി നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായതിനെ തുടര്‍ന്ന് ആദര്‍ശത്തിന് അവധി കൊടുത്ത് ശബരിമല തന്ത്രവുമായി ഇടത് സ്ഥാനാര്‍ത്ഥി എം.ബി രാജേഷും. ശബരിമലയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ അവതരിപ്പിച്ച വക്താവായ രാജേഷ് ഒടുവില്‍ ശബരിമലയില്‍ അടിയറവു പറയുകയാണ്.

ശബരിമല മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ചെര്‍പ്പുളശ്ശേരിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിക്കുകയും അതിന്റെ ചിത്രം സ്വന്തം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത എം.ബി രാജേഷിനോട് സിപിഐഎം വിശദീകരണം ചോദിക്കാനുള്ള സാധ്യതയുമുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ ഇന്നലെയും മുഖ്യമന്ത്രി ഉറച്ചു നിന്നു സംസാരിച്ചപ്പോഴാണ് രാജേഷിന്റെ നയംമാറ്റം. പാലക്കാട് ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ ഇത്തവണ വി.കെ ശ്രീകണ്ഠനാണ് ലഭിക്കുന്നതെന്നു വ്യക്തമായി കഴിഞ്ഞു. മോദി വികസന മുദ്രാവാക്യം ഉയര്‍ത്തുകയും വീരേന്ദ്രകുമാറിനെ പോലെ വിജയ സാധ്യത ഇല്ലാത്ത സ്ഥാനാര്‍ത്ഥിയായതിനാലുമാണ് ശോഭ സുരേന്ദ്രന് കഴിഞ്ഞ തവണ വോട്ടുകള്‍ കൂടുതലായി ലഭിച്ചത്. സ്ത്രീയെന്ന പരിഗണനയും ലഭിച്ചു. ബിജെപിക്ക് വോട്ടു കൂടിയതാണ് യുഡിഎഫിന്റെ തോല്‍വിയിലേക്ക് നയിച്ച ഘടകം.

എന്നാല്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ശബരിമല ഭക്തരുള്ള പാലക്കാട്ടെ സ്ഥിതി മറ്റൊന്നാണ്. തമിഴ്‌നാട്ടില്‍ നിന്ന് അവസാനം കേരളത്തോട് ചേര്‍ന്ന പാലക്കാട്ടെ ശബരിമല വികാരം മറ്റൊന്നാണ്. അതേസമയം ബിജെപി ശബരിമല വോട്ടാക്കാന്‍ നടത്തിയ അക്രമങ്ങള്‍ക്കും വിശ്വാസികള്‍ എതിരാണ്. എന്‍എസ്എസ് യുഡിഎഫിന് അനുകൂലമായ നിലപാടിലുമാണ്. ഒപ്പം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്ന ന്യൂനപക്ഷ വോട്ടുകളുടെ ഒഴുക്കും ശ്രീകണ്ഠനിലേയ്ക്കാണ്.

കോച്ചു ഫാക്ടറി കൊണ്ടുവന്നത് താനാണെന്ന പേരിലാണ് കഴിഞ്ഞ തവണ രാജേഷ് വോട്ടു പിടിച്ചത്. എന്നാല്‍ കോച്ച് ഫാക്ടറി ഇനിയും യാഥാര്‍ത്ഥ്യമായില്ല. അക്കാര്യമടക്കമുള്ള വികസന പ്രവര്‍ത്തനം രാജേഷ് മിണ്ടുന്നില്ല. ശശി തരൂര്‍ കൊണ്ടുവന്ന ഐഐടിയുടെ പേരിലുയര്‍ത്തിയ അവകാശവാദവും പൊളിഞ്ഞു. സ്വാധീനിക്കപ്പെടാവുന്ന സര്‍വ്വേകളിലെ മുന്‍തൂക്കത്തിന്റെ പുകമറ കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് പാലക്കാട് സിപിഐഎം കണക്കു കൂട്ടുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക കണക്കനുസരിച്ച് എല്‍ഡിഎഫ് പാലക്കാട് 8000 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണുള്ളത്. വി.കെ ശ്രീകണ്ഠന്‍ ഡിസിസി പ്രസിഡന്റ് എന്ന നിലയ്ക്ക് മണ്ഡലത്തില്‍ ജനങ്ങളില്‍ വേരുറപ്പിച്ച നേതാവാണ്. അഖിലേന്ത്യാ തലത്തിലേയ്ക്ക് വളര്‍ന്ന ശ്രീകണ്ഠന്‍ 19 വര്‍ഷമായി ഷൊര്‍ണൂര്‍ നഗരസഭ അംഗവുമാണ്.

ചെര്‍പ്പളശ്ശേരിക്കടുത്ത് കാറല്‍മണ്ണയിലാണ് തന്റ അമ്മ വീടെന്നും. മോല്‍ശാന്തിയുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും സന്ദര്‍ശനം വിവാദമായതിനെ തുടര്‍ന്ന് രാജേഷ് ഫേസ്ബുക്കില്‍ ന്യായീകരിക്കുന്നു.

എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിക്കാറുള്ളതാണ്. ഔദ്യോഗികമായ സന്ദര്‍ശന പരിപാടികള്‍ ഇന്നില്ലാത്തതിനാല്‍ ഈ ദിവസം അതിനായി മാറ്റിവെക്കുകയായിരുന്നു. സംഭാരവും അടയും അപ്പവുമായാണ് അദ്ദേഹം സ്വീകരിച്ചത്. പൊന്നാടക്ക് പുറമേ ഒരു മുണ്ടും ഒരുകൈക്കുമ്പിള്‍ നിറയെ നാണയത്തുട്ടുകളും എനിക്ക് വിഷുക്കൈനീട്ടമായി അദ്ദേഹം സമ്മാനിച്ചു.പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ അദ്ദേഹത്തിന് വിഷുക്കൈനീട്ടം നല്‍കാനായില്ല- എന്നാണ് രാജേഷിന്റെ വിശദീകരണം. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജ് പന്തളത്ത് എത്തി രാജകുടുംബത്തെ സന്ദര്‍ശിച്ചതും വിവാദമായിരുന്നു. തോല്‍വി ഭയമുള്ള ഇടതു സ്ഥാനാര്‍ത്ഥികള്‍ ശബരിമലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സന്ദര്‍ശിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാജേഷിന്റേത്.

Similar Articles

Comments

Advertismentspot_img

Most Popular